Sunday, March 9, 2025
Latest:
NationalTop News

തെലങ്കാന ടണൽ ദുരന്തം; തകർന്ന ബോറിങ് മെഷീൻറെ ഇടയിൽ നിന്ന് മൃതദേഹ ഭാഗം കണ്ടെത്തി

Spread the love

തെലങ്കാന നാഗർകുർണൂലിലെ ടണൽ അപകടത്തിൽ മൃതദേഹ ഭാഗം കണ്ടെത്തി. തകർന്ന ബോറിങ് മെഷീൻറെ ഇടയിൽ നിന്നായിരുന്നു മൃതദേഹ ഭാഗം കണ്ടെത്തിയത്. കൈയും മറ്റ് ചില മൃതദേഹ ഭാഗവുമാണ് കണ്ടെത്തിയത്. ഇത് ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തിൽ നിന്ന് തിരച്ചിലിനെത്തിച്ച കഡാവർ നായ്ക്കളാണ് മൃതദേഹ സാന്നിധ്യം കണ്ടെത്തിയത്. രണ്ട് എൻജിനീയർമാരും ആറ് തൊഴിലാളികളും ഉൾപ്പെടെ എട്ട് പേരാണ് തുരങ്കത്തിനുള്ളിൽ ഏകദേശം 14 കിലോമീറ്റർ അകലെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നത്. അതിൽ ഒരാളുടെ മൃതദേഹഭാഗമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

തണലിൽ ചെളിയും വലിയ കല്ലുകളും കൊണ്ട് മൂടി കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുസ്സഹമായിരുന്നു. 9.5 അടി വ്യാസമുള്ള ടണലാണിത്. രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി കേരള പൊലീസിന്റെ രണ്ട് കഡാവർ നായകളെയാണ് ദേശീയ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടപ്പോൾ വിട്ടുകൊടുത്തിരുന്നത്.

ഫെബ്രുവരി 22നായിരുന്നു തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നതിനെത്തുടർന്ന് 8 തൊഴിലാളികൾ അകപ്പെട്ടത്. ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ പദ്ധതിയിയുടെ ഭാഗമായ ടണൽ നിർമാണത്തിനിടെയാണ് അപകടം ഉണ്ടായത്. തൊഴിലാളികള്‍ക്കും ബോറിങ് മെഷീനുകള്‍ക്കും മുകളിലേക്ക് മൂന്ന് മീറ്റർ റൂഫിങ് ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. അപകടം നടക്കുമ്പോൾ 50 തോളം തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 42 പേരെ ടണലിന് പുറത്തെത്തിച്ചു. കൃഷ്ണ നദിയിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി നിര്‍മ്മിച്ച ശ്രീശൈലം അണക്കെട്ടില്‍ നിന്ന് 50.75 കിലോമീറ്റര്‍ നീളമുള്ള തുരങ്കങ്ങള്‍ നിര്‍മ്മിച്ച് നാഗര്‍ കുര്‍ണൂല്‍, നഗല്‍കോണ്ട ജില്ലകളിലേക്ക് വെള്ളമെത്തിക്കുന്ന പദ്ധതിയാണിത്.