‘ഭീഷണി വേണ്ട, ആധിപത്യമുറപ്പിക്കാനാണെങ്കില്‍ ആണവ ചര്‍ച്ചയ്ക്ക് നിന്ന് തരില്ല’; ട്രംപിന് മറുപടിയുമായി ഇറാന്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയ്ക്ക് വഴങ്ങില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമൈനി. ആണവ ചര്‍ച്ചയ്ക്ക് ഇറാന് തയ്യാറായില്ലെങ്കില്‍ സൈനിക ഇടപെടല്‍ ഉണ്ടാകുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് പകരം ജനങ്ങളുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ഇറാനോട് അമേരിക്കന്‍ വൈറ്റ് ഹൗസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആണവായുധ നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണ് ഇറാന് എന്ന് ട്രംപ് കരുതുന്ന പശ്ചാത്തലത്തിലാണ് ഇറാന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നത്
സകലരേയും ഭീഷണിപ്പെടുത്താനുറയ്ക്കുന്ന ചില രാജ്യങ്ങള്‍ക്ക് ഇറാന് വഴങ്ങില്ലെന്നും സമാധാനമുണ്ടാക്കലല്ല അവരുടെ ലക്ഷ്യമെന്നും മറിച്ച് ആധിപത്യം സ്ഥാപിക്കലാണ് അവര്‍ ഉദ്ദേശിക്കുന്നതെന്നും ഖൊമൈനി പറഞ്ഞു. ആണവായുധ പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇറാനെ ക്ഷണിച്ചുകൊണ്ട് കത്തയച്ചിട്ടുണ്ടെന്ന് ട്രംപ് ഇന്നലെ ഫോക്സ് ന്യൂസിനോട് പറഞ്ഞിരുന്നു. എന്നാല്‍ അമേരിക്കയില്‍ നിന്ന് ഇറാന് ഇത്തരമൊരു കത്ത് ലഭിച്ചിട്ടില്ലെന്നാണ് ഖൊമൈനിയുടെ വിശദീകരണം.
ഭീഷണിയുടെ സ്വരത്തിലുള്ള ഒരു ചര്‍ച്ചയ്ക്കും ഇറാനെ ക്ഷണിക്കേണ്ടതില്ലെന്നാണ് ഇറാന്റെ മറുപടി. അമേരിക്കന്‍ താത്പര്യങ്ങള്‍ ഇറാനില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കേണ്ട. അമേരിക്കയുടെ സമ്മര്‍ദതന്ത്രത്തിന് വഴങ്ങില്ല. എന്നാല്‍ ചര്‍ച്ചയ്ക്ക് വേഗത്തില്‍ തയ്യാറായില്ലെങ്കില്‍ സൈനിക നടപടി ഉടന്‍ ആരംഭിക്കുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്.