KeralaTop News

ബിസിനസുകൾ ബാധ്യതയായി; അഫാനും കുടുംബത്തിനും കട ബാധ്യത 40 ലക്ഷം രൂപയെന്ന് പൊലീസ്

Spread the love

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ കൂടുതൽ‌ വിവരങ്ങൾ പുറത്ത്. പ്രതി അഫാനും കുടുംബത്തിനും വലിയ കടബാധ്യതയുണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. 40 ലക്ഷം രൂപയുടെ കടബാധ്യതയാണ് കുടുംബത്തിന് ഉണ്ടായിരുന്നത്. മുൻപ് കുടുംബം നടത്തിയ ചില ബിസിനസുകൾ ബാധ്യതയായി. ഇതാണ് കടബാധ്യതയ്ക്ക് കാരണമായത്.

തെളിവെടുപ്പിനിടെ കടബാധ്യത സ്ഥിരീകരിക്കുന്ന രേഖകൾ പോലീസിന് ലഭിച്ചു. കൊലപാതക കാരണമായി കണ്ടെത്തിയത് സാമ്പത്തിക കാരണങ്ങളാണെന്നായിരുന്നു. എന്നാൽ കുടുംബത്തിന് ഇത്രയും കടം വരാൻ‌ സാധ്യതയില്ലെന്നായിരുന്നു പ്രതിയുടെ പിതാവ് പറ‍ഞ്ഞിരുന്നത്. തുടർന്ന് ഇതിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് പ്രതിയുടെയും കുടുംബത്തിന്റെയും കടബാധ്യത സ്ഥിരീകരിക്കുന്ന രേഖകൾ പൊലീസിന് ലഭിക്കുന്നത്.

പലതരം ബിസിനസുകള്‍ അഫാന്‍ നടത്തിയിരുന്നു. മുട്ടക്കച്ചവടം, കോഴി വളര്‍ത്തല്‍ തുടങ്ങി വാഹനക്കച്ചവടങ്ങളിലേക്കും അഫാന്‍ ശ്രമിച്ചു. ഇതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. പേരുമലയിലെ വീട്ടില്‍ നടന്ന തെളിവെടുപ്പിനിടെയാണ് കടബാധ്യത സംബന്ധിക്കുന്ന രേഖകള്‍ പൊലീസിന് ലഭിച്ചത്. കടബാധ്യത ഇതിലും കൂടുതലുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടത്തും.

രണ്ടാം ദിവസത്തെ തെളിവെടുപ്പിലും അഫാന്റെ മുഖത്ത് ഭാവവ്യത്യാസമില്ല. പാങ്ങോട് സ്റ്റേഷനിൽ നിന്ന് അഫാനെ ആദ്യമെത്തിച്ചത് കൊലപാതം നടത്താൻ ഉപയോഗിച്ച ചുറ്റിക വാങ്ങിയ വെഞ്ഞാറമൂട് നഗരത്തിലെ ഹാർഡ് വെയർ ഷോപ്പിലാണ്. കടയുടമ അഫാനെ തിരിച്ചറിഞ്ഞു. പിന്നാലെ കൊലപാതകശേഷം പിതൃമാതാവ് സൽമ ബീവിയുടെ മല പണയംവെച്ച പണമിടപാട് സ്ഥാപനത്തിലും തെളിവെടുപ്പിന് എത്തിച്ചു. അഫാൻ സ്ഥിരമായി ഈ സ്ഥാപനത്തിൽ സ്വർണ്ണം പണയംവെയ്ക്കാറുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. പിന്നാലെ പൊലീസ് അഫാനെ പാങ്ങോട് സ്റ്റേഷനിൽ തിരികെ എത്തിച്ചു.