BJPയുമായി ബന്ധം പുലർത്തുന്നവരെ പുറത്താക്കും’; ഗുജറാത്തിൽ നേതാക്കൾക്ക് ശക്തമായ താക്കീതുമായി രാഹുൽ ഗാന്ധി
ഗുജറാത്തിലെ നേതാക്കൾക്ക് ശക്തമായ താക്കീതുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർട്ടിക്കുള്ളിൽ നിന്ന് ബിജെപിക്ക് വേണ്ടി പ്രവർത്തിക്കാൻ അനുവദിക്കില്ല. അത്തരക്കാരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും രാഹുൽ ഗാന്ധി. എങ്കിൽ മാത്രമേ ഗുജറാത്തിലെ ജനങ്ങൾ കോൺഗ്രസിൽ വിശ്വസിക്കുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പാർട്ടിയിലുള്ളത് രണ്ട് തരം വ്യക്തികളുണ്ട്. കോൺഗ്രസ് പാർട്ടിക്കൊപ്പം ഉറച്ചുനിൽക്കുന്നവരും മറ്റൊരു കൂട്ടർ ബിജെപിയുമായി ബന്ധം പുലർത്തുന്നവരും. ബിജെപിയുമായി ബന്ധം പുലർത്തുന്നവരെ പുറത്താക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മുതിർന്ന നേതാക്കളുടെയും ജില്ലാ, ബ്ലോക്ക് പ്രസിഡൻ്റുമാരുടെയും ഹൃദയത്തിൽ കോൺഗ്രസ് ഉണ്ടാകണം. സംഘടനയുടെ നിയന്ത്രണം ഇവരുടെ കൈകളിൽ ഉണ്ടായിരിക്കണം. എങ്കിൽ ഗുജറാത്തിലെ ജനങ്ങൾ സംഘടനയിൽ ചേരും എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് കോൺഗ്രസ് പതിറ്റാണ്ടുകളായി അധികാരത്തിൽ ഇല്ലാതിരുന്നിട്ടും പാർട്ടിയെ ശുദ്ധീകരിക്കുന്നതിന് ആവശ്യമെങ്കിൽ 40 നേതാക്കളെ വരെ പുറത്താക്കാൻ കോൺഗ്രസ് തയ്യാറാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. “നമുക്ക് ഗുജറാത്തിലെ ജനങ്ങളുമായി ബന്ധപ്പെടണമെങ്കിൽ, രണ്ട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ആദ്യ ദൗത്യം വിശ്വസ്തരെയും വിമതരെയും വേർതിരിക്കുക എന്നതാണ്. 10, 15, 20, 30, 40 പേരെ നീക്കം ചെയ്യേണ്ടിവന്നാലും, ഒരു മാതൃക കാണിക്കാൻ ഞങ്ങൾ അത് ചെയ്യാൻ തയ്യാറാണ്,” അഹമ്മദാബാദിലെ പരിപാടിയിൽ പാർട്ടി പ്രവർത്തകരോട് രാഹുൽ ഗാന്ധി പറഞ്ഞു.