NationalTop News

പെൺകുട്ടികളെ മതപരിവർത്തനത്തിന് വിധേയരാക്കുന്നവർക്ക് തൂക്കുകയർ ഉറപ്പാക്കും: മധ്യപ്രദേശ് മുഖ്യമന്ത്രി

Spread the love

മതപരിവർത്തന കേസുകളിൽ വധശിക്ഷ നൽകുമെന്നും തൻ്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകുന്നതുപോലെ, പെൺകുട്ടികളുടെ മതപരിവർത്തനത്തിനും വധശിക്ഷ നൽകുന്നതിന് വ്യവസ്ഥ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിൽ വധശിക്ഷ നൽകുന്നതിനുള്ള വ്യവസ്ഥ കൊണ്ടുവരുമെന്നാണ് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞത്. സ്വമേധയാ ഉള്ള മതപരിവർത്തനം ഭരണഘടനാപരമായ അവകാശമാണെന്ന് ചൂണ്ടിക്കാട്ടിയ കോൺഗ്രസ് നേതാവ് ആരിഫ് മസൂദ്, നിർബന്ധിത മതപരിവർത്തനത്തിന് വധശിക്ഷ എല്ലാ മതക്കാർക്കും ഒരേ പോലെ ബാധകമാക്കണമെന്നും പറഞ്ഞു.

ബി.ആർ. അംബേദ്കർ തയ്യാറാക്കിയ ഭരണഘടനയിൽ പോരായ്മകളുണ്ടെന്നാണോ മുഖ്യമന്ത്രി പറയുന്നതെന്നും മസൂദ് ചോദിച്ചു. ഭരണഘടന മാറ്റാൻ പോവുകയാണെന്ന് അദ്ദേഹം അംഗീകരിക്കണം. അതല്ല ഭരണഘടനയിൽ പോരായ്മകളുണ്ടെന്നാണെങ്കിൽ അതും പറയാൻ തയ്യാറാകണം. നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ, ഒരു വിവേചനവും പാടില്ല. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് സംസ്ഥാന സർക്കാർ ഇത്തരം കാര്യങ്ങൾ പറയുന്നത്. സംസ്ഥാനത്തെ കടക്കെണിയിലാക്കുകയും യുവാക്കൾക്ക് തൊഴിലില്ലാതെയും ഇരിക്കുന്ന സാഹചര്യത്തിൽ ഈ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേതെന്നും മസൂദ് വിമർശിച്ചു.