അബ്ദുൽ റഹീമിന്റെ മോചനം; കേന്ദ്രത്തിന്റെ സഹായം തേടി നിയമസഹായ സമിതി
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന നടപടികൾ വൈക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം തേടി റഹീം നിയമസഹായ സമിതി. അഡ്വ ഹാരിസ് ബീരാൻ എം.പിയെ നേരിൽ കണ്ടാണ് സമിതി കാര്യങ്ങൾ ബോധിപ്പിച്ചത്. പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി , ഇന്ത്യയിലെ സൗദി അംബാസിഡർ എന്നിവരുടെ ഇടപെടൽ തേടുകയും ചെയ്തു. മുഴുവൻ എംപിമാരും ഒന്നിച്ച് വേണ്ടത് ചെയ്യാമെന്ന് ഹാരിസ് ബീരാൻ എം പിക്ക് ഉറപ്പ് നൽകിയെന്ന് സഹായ സമിതി വ്യക്തമാക്കി. മാർച്ച് 18 നാണ് കേസ് ഇനി റിയാദ് കോടതി പരിഗണിക്കുക.
അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദിലെ കോടതി പരിഗണിക്കുമ്പോൾ ഓരോ തവണയും കുടുംബം പ്രതീക്ഷയിലായിരുന്നു.18 വർഷത്തിലധികം നീണ്ട കാത്തിരിപ്പിനൊടുവിൽ മകൻ നാട്ടിലെത്തും എന്ന പ്രതീക്ഷയിലാണ് ഒരു ഉമ്മ. കേസ് തുടർച്ചയായി പലതവണ മാറ്റിവെക്കുന്നത് എന്തുകൊണ്ടാണെന്ന് കുടുംബത്തിനോ നിയമസഹായ സമിതിക്കോ ഇതുവരെ വ്യക്തമല്ല.
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 2006 ൽ ജയിലിലായ അബ്ദുൽ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയത് കഴിഞ്ഞ വർഷം ജൂലൈ രണ്ടിനാണ്. മലയാളികൾ സ്വരൂപിച്ച് നല്കിയ 15 മില്യൺ റിയാൽ മോചന ദ്രവ്യമായി സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയ ശേഷമാണ് വധശിക്ഷ റദ്ദാക്കിയത്. 8 മാസത്തോളമായി അബ്ദുൽ റഹീം ജയിൽ മോചനത്തിനുള്ള കാത്തിരിപ്പ് തുടരുകയാണ്.