തമിഴ്നാട് മോഡൽ കേരളത്തിലും? ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് റിട്ട.IPS ഉദ്യോഗസ്ഥനെ പരിഗണിച്ചേക്കും
തമിഴ്നാട് മോഡൽ കേരളത്തിലും? ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് റിട്ട.ഐപിഎസ് ഉദ്യോഗസ്ഥനെ പരിഗണിച്ചേക്കുമെന്ന് സൂചന. കേന്ദ്ര നേതൃത്വത്തിന്റെ പരിഗണന പട്ടികയിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ പേരും ഉണ്ടെന്ന് സൂചന.
ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള പ്രതിനിധി എന്ന പേരിലാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്. ജേക്കബ് തോമസ് ഡൽഹിയിൽ എത്തി ജെപി നദ്ദയെ കണ്ടു. അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയേക്കും.
അതേസമയം ശോഭാ സുരേന്ദ്രനെ വെട്ടാൻ നീക്കം തകൃതി. സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ കേന്ദ്ര നേതൃത്വത്തിന്റെ മുന്നിൽ എത്തിച്ച് എതിർചേരി സംഘം. ആരോപണങ്ങൾക്കപ്പുറം ദേശീയ നേതൃത്വം രേഖകൾ ആവശ്യപ്പെട്ടു. ശോഭയെ പിന്തുണച്ച് പ്രകാശ് ജാവദേക്കറും രംഗത്തുണ്ട്. അന്തിമ തീരുമാനമെടുക്കാൻ ദേശീയ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷ് ഉടൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.
അതേസമയം പാർലമെന്ററി ബോർഡ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. പ്രസിഡൻറ് പദത്തിൽ അഞ്ചുവർഷം പൂർത്തിയാക്കിയവരെ പരിഗണിക്കേണ്ടതില്ല എന്ന് തീരുമാനിച്ചാൽ കെ സുരേന്ദ്രൻ തെറിക്കും.
എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നീ പേരുകളും സജീവ പരിഗണനയിൽ. സംസ്ഥാന പ്രസിഡന്റിന്റെ കാര്യത്തിൽ തീരുമാനം ഈയാഴ്ച്ചയുണ്ടാകും. പി.എസ് ശ്രീധൻ പിള്ള മിസോറാം ഗവർണറായി പോയ ഒഴിവിലാണ് 2020 ഫെബ്രുവരി 15 ന് കെ. സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡൻ്റായത്.