KeralaTop News

മലപ്പുറം മുന്‍ എസ്.പി. സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

Spread the love

ഗുരുതര ചട്ടലംഘനങ്ങളെ തുടർന്ന് സസ്പെൻഷനിലായിരുന്ന മുൻ എസ്പി സുജിത്ത് ദാസിന്റെ സസ്പെൻഷൻ പിൻവലിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തിരിച്ചെടുക്കാൻ ശുപാർശ നൽകിയത്. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു സസ്പെൻഷൻ.

കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് സുജിത് ദാസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചെങ്കിലും നിലവില്‍ അടുത്ത പോസ്റ്റിങ് നല്‍കിയിട്ടില്ല. അന്വേഷണം പൂർത്തിയാക്കും മുൻപാണ് നടപടി. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് അന്വേഷണത്തിന് തടസമാവില്ലെന്നാണ് വിവരം.

പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍.സുജിത് ദാസിന്റെ ശബ്ദരേഖ അടക്കം അന്‍വര്‍ പുറത്തുവിട്ടിരുന്നു. എം.ആര്‍ അജിത്ത് കുമാറിനൊപ്പം ഇദ്ദേഹത്തിന് സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പി.വി അന്‍വര്‍ ആരോപിച്ചിരുന്നു.

മലപ്പുറം എസ്.പി. ആയിരുന്നപ്പോൾ ക്യാമ്പ് ഓഫീസ് വളപ്പിലെ മരംമുറിയുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ച് അൻവർ നൽകിയ കേസ് പിൻവലിക്കണമെന്ന് ഫോണിലൂടെ സുജിത് ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖ പുറത്തായത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.