കപ്പടിക്കലും കലിപ്പടക്കലുമില്ല; കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് അവസാന ഹോം മത്സരം
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് അവസാന ഹോം മത്സരം. രാത്രി ഏഴരയ്ക്ക് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയാണ് എതിരാളികൾ. കപ്പടിക്കലും കലിപ്പടക്കലുമെല്ലാം പതിനൊന്നാം സീസണിലും കെട്ടിപ്പൂട്ടിയതോടെ കേരള ബ്ലാസ്റ്റേഴ്സിനിനി മാനം കപ്പലേറാതിരിക്കാനുള്ള പോരാട്ടമാണ്. 22 മത്സരങ്ങളിൽ 11ലും തോറ്റ് വെറും 25 പോയിന്റുള്ള കൊമ്പന്മാരുടെ പ്ലേ ഓഫ് സാധ്യതകൾ ജംഷഡ്പൂരിനോട് സമനില വഴങ്ങിയതോടെ അവസാനിച്ചിരുന്നു.
ഇനി ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ജയിച്ച് പോയിന്റ് പട്ടികയിൽ ആദ്യ പത്തിന് പുറത്താവാതിരിക്കുകയാണ് ഇനിയുള്ള ലക്ഷ്യം. കൂട്ടത്തോൽവി, കോച്ചിനെ പുറത്താക്കൽ, ആരാധക പ്രതിഷേധം, ടീമിലെ തമ്മിലടി. സമാനതകളില്ലാത്ത തിരിച്ചടികളുടേതാണ് ബ്ലാസ്റ്റേഴ്സിന്ഈ സീസൺ. മാനേജുമെന്റിന്റെ പിടിപ്പികേടാണ് മിക്ക പ്രതിസന്ധികൾക്കും കാരണം. അല്ലെങ്കിൽ ക്ലബിന്റെ എല്ലാമെല്ലാമായ ആരാധകരെ പൊലീസിനെ വച്ച് വിരട്ടാൻ നോക്കില്ലായിരുന്നു.
ഇനി ആരാധകരുടെ കണ്ണിൽ പൊടിയിടാനെങ്കിലും ശേഷിക്കുന്ന കളികളിൽ ജയിച്ചേ തീരൂ. എന്നാൽ അത് അത്ര എളുപ്പമല്ല. അവസാന ഹോം മത്സരത്തിൽ നേരിടാനുള്ളത് കരുത്തരായ മുംബൈ സിറ്റി എഫ്സിയെ. നിലവിലെ ചാന്പ്യന്മാർക്ക് ഒറ്റ പോയിന്റുമതി പ്ലേ ഓഫ് ഉറപ്പിക്കാൻ. അതുകൊണ്ട് ബ്ലാസ്റ്റേഴ്സിനെ ജയിപ്പിക്കാതിരിക്കാൻ എല്ലാ വഴിയും നോക്കും. നേർക്കുനേർ കണക്കുകകളിലും മുംബൈക്കാണ് മുൻതൂക്കം. 21 മത്സരങ്ങളിൽ 10 എണ്ണത്തിൽ ജയം. ബ്ലാസ്റ്റേഴ്സ് അഞ്ച് മത്സരങ്ങളിൽ ജയിച്ചപ്പോൾ ആറെണ്ണം സമനിലയിൽ കലാശിച്ചു. ഈ സീസണിൽ ഇതിന് മുൻപ് ഏറ്റുമിട്ടിയപ്പോൾ 4-2ന് ജയിക്കാനും മുംബൈക്കായിരുന്നു.