ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെക്കൽ; ചിലവാകുന്ന തുക ദുരന്തനിവാരണ ഫണ്ടിൽ വകയിരുത്തി സർക്കാർ
ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ചിലവാകുന്ന തുക ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നൽകുമെന്ന് സർക്കാർ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സാമ്പത്തിക വർഷത്തിൽ 1,00,000 രൂപവരെ ഇതിനായി ചിലവഴിക്കാം. ഈ തുക ദുരന്തനിവാരണ ഫണ്ടിൽ നിന്നാകും അനുവദിക്കുക.
കാട്ടുപന്നികളെ വെടിവെക്കാൻ നിയോഗിക്കപ്പെടുന്ന ഷൂട്ടർക്ക് 1500 രൂപയും കാട്ടുപന്നികളുടെ സംസ്കാരത്തിന് 2000 രൂപയും ഈ തുകയിൽ നിന്ന് ചിലവഴിക്കാം. പഞ്ചായത്ത് സെക്രെട്ടറിമാർക്ക് ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കി ഫണ്ട് ദുരന്തനിവാരണ അതോറിറ്റിയിൽ നിന്ന് നൽകും.
നേരത്തെ തദ്ദേശ സ്ഥാപനങ്ങൾ അവരുടെ തനത് ഫണ്ടിൽ നിന്നായിരുന്നു ഈ ആവശ്യങ്ങൾക്കായുള്ള തുക ചെലവഴിച്ചിരുന്നത്. ഇത് കടുത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നതെന്ന് തദ്ദേശസ്ഥാപനങ്ങൾ വനംവകുപ്പിനെ അറിയിച്ചിരുന്നു.
അതേസമയം, കാട്ടുപന്നികളെ കൊല്ലുന്നതിന് അനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർക്കും സെക്രട്ടറിമാർക്കും നൽകി വനംവകുപ്പ് നേരത്തേ ഉത്തരവിറക്കിയിരുന്നു.