മലപ്പുറത്ത് ബസ് ജീവനക്കാർ മർദിച്ച ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു
മലപ്പുറം കോഡൂരിൽ സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. മാണൂര്‍ സ്വദേശി അബ്ദുല്‍ ലത്തീഫ് ആണ് മരിച്ചത്. പരാതി നൽകാനായി മലപ്പുറത്ത് എത്തിയ അബ്ദുൾ ലത്തീഫ് താലൂക്ക് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു കുഴഞ്ഞുവീണ് മരിച്ചത്. മരണകാരണം മർദനം തന്നെയാണോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. നിലവിൽ മോർച്ചറിയിലാണ് മൃതദേഹമുള്ളത്.
വടക്കേ മണ്ണയിലെ ബസ് സ്റ്റോപ്പിൽ നിന്ന് 2 സ്ത്രീകളെ സവാരിക്കായി കയറ്റി എന്ന കുറ്റത്തിനാണ് ബസ് ജീവനക്കാർ ഓട്ടോ ഡ്രൈവറെ മർദിച്ചത്. ബസ് കാത്തുനിൽക്കുന്ന യാത്രക്കാരെ കൊണ്ടു പോകുകയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ബസ് ജീവനക്കാരുടെ മർദനം. ഓട്ടോറിക്ഷയെ പിന്തുടർന്നെത്തിയ ബസ് ഒരു കിലോമീറ്റർ കഴിഞ്ഞതിന് ശേഷം ഓട്ടോറിക്ഷയ്ക്ക് കുറുകെ ബസ് നിർത്തുകയും മർദിക്കുകയുമായിരുന്നു.
സംഭവത്തിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. മഞ്ചേരി തിരൂർ റൂട്ടിൽ ഓടുന്ന പിടിബി ബസിലെ ജീവനക്കാരെയാണ് പൊലീസ് പിടികൂടിയത്.