ഇനി ബോളിവുഡിൽ അഭിനയിക്കില്ലെന്ന് തീർത്തു പറഞ്ഞ് അനുരാഗ് കശ്യപ്: ബംഗളൂരുവിലേക്ക് താമസം മാറ്റി
ദക്ഷിണേന്ത്യൻ സിനിമകളിൽ ശ്രദ്ധ പതിപ്പിക്കുന്നതിനായി ബോളിവുഡ് വിട്ട് പ്രമുഖ താരം അനുരാഗ് കശ്യപ്. ബോക്സ് ഓഫീസ് കളക്ഷനുകൾക്ക് പിറകെ മാത്രം ഓടുന്ന ഹിന്ദി സിനിമ വ്യവസായത്തിന്റെ വിഷകരമായ സംസ്കാരമാണ് തന്റെ തീരുമാനത്തിന് കാരണമെന്ന് അദ്ദേഹം പറയുന്നു.
ബോളിവുഡിലെ സിനിമാക്കാരിൽ നിന്ന് അകന്നുനിൽക്കാൻ ആഗ്രഹിക്കുന്നുവെന്നും, 500, 800 കോടി രൂപ നിർമ്മാണ ചിലവുള്ള സിനിമകൾ നിർമ്മിക്കാനാണ് ഹിന്ദി ഭാഷയിൽ ശ്രമിക്കുന്നതെന്നും അദ്ദേഹം ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ കുറ്റപ്പെടുത്തി.
ദക്ഷിണേന്ത്യൻ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അദ്ദേഹം ബംഗളൂരുവിലേക്ക് താമസം മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞവർഷം ഹോളിവുഡ് റിപ്പോർട്ടർക്ക് നൽകിയ അഭിമുഖത്തിനും ബോളിവുഡിനെതിരായിട്ടുള്ള തന്റെ നിലപാട് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ബോളിവുഡിൽ സിനിമ എങ്ങനെ വിൽക്കും എന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, അവിടെ ലാഭത്തിൽ മാത്രമാണ് സിനിമ നിർമ്മാണത്തിന്റെ തുടക്കം മുതൽ അവസാനം വരെ ചർച്ച ചെയ്യുന്നത് എന്നുമായിരുന്നു അദ്ദേഹം കഴിഞ്ഞ വർഷം നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നത്.
അദ്ദേഹം ദക്ഷിണേന്ത്യൻ സിനിമകളിലേക്ക് ശ്രദ്ധ പതിപ്പിക്കുമ്പോൾ തന്നെയാണ്, 2024 അദ്ദേഹം നിർമ്മിച്ച മഞ്ജു വാര്യർ നായികയായി എത്തിയ മലയാള സിനിമ ഫൂട്ടേജ് ഹിന്ദിയിലേക്ക് മൊഴി മാറ്റി റിലീസ് ചെയ്യുന്നത്. മാർച്ച് ഏഴിന് ചിത്രം റിലീസ് ചെയ്യും. മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഫൂട്ടേജ്.