‘യു.കെ നിയമങ്ങൾ പൂർണ്ണമായും പാലിക്കണം’; എസ് ജയശങ്കറിനെതിരെയുണ്ടായ ഖലിസ്താൻ വാദികളുടെ പ്രതിഷേധത്തെ അപലപിച്ച് ഇന്ത്യ
വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെയുണ്ടായ ആക്രമണ ശ്രമത്തെ അപലപിച്ച് ഇന്ത്യ. യു.കെ നിയമങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ലണ്ടനിലെ ഛാത്തം ഹൗസിലെ ആലോചനായോഗത്തിൽ പങ്കെടുത്ത് തിരികെ കാറിൽ കയറുമ്പോഴാണ് മന്ത്രി എസ് ജയശങ്കറിന് നേരെ പ്രതിഷേധക്കാർ പാഞ്ഞടുത്തത്.
വിഘടനവാദികളുടെ പ്രകോപനപരമായ നടപടികളെയും, ജനാധിപത്യ സ്വാതന്ത്ര്യങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെയും അപലപിക്കുന്നുവെന്നും, നയതന്ത്ര ഉത്തരവാദിത്തങ്ങൾ യു.കെ പൂർണ്ണമായും നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
വേദിക്ക് സമീപം ഒത്തുകൂടിയ ഖലിസ്ഥാൻ അനുകൂലികൾ മുദ്രാവക്യങ്ങൾ മുഴക്കി. പരിപാടി കഴിഞ്ഞ് കാറില്‍ കയറാനെത്തിയ ജയശങ്കറിന്റെ തൊട്ടടുത്തേക്ക് ഖലിസ്ഥാന്‍ അനുകൂലി പാഞ്ഞടുത്തു. സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞതോടെ കയ്യിൽ ഉണ്ടായിരുന്ന ഇന്ത്യൻ ദേശീയ പതാകകീറി എറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ലണ്ടൻ പൊലീസ് നോക്കിനിൽക്കെയാണ് ഖലിസ്ഥാൻ അനുകൂലികൾ ഖലിസ്ഥാൻ പതാകയേന്തി മുദ്രാവാക്യം വിളിച്ചതും , ഇന്ത്യൻ പതാകയെ അവഹേളിച്ച് പ്രതിഷേധിച്ചതും.