ഇടക്കൊച്ചിയിൽ ആന ഇടഞ്ഞ സംഭവം; വനം വകുപ്പ് അന്വേഷണം നടത്തും
എറണാകുളം ഇടകൊച്ചിയിൽ ആന ഇടഞ്ഞ സംഭവത്തിൽ വനം വകുപ്പ് അന്വേഷണം നടത്തും. സുരക്ഷാ മാനദണങ്ങൾ പാലിച്ചാണോ ആനയെ എഴുന്നള്ളിപ്പിന് എത്തിച്ചത് എന്നാണ് പരിശോധിക്കുക. കൃത്യസമയത്ത് എലിഫന്റ് സ്ക്വാഡിന്റേയോ വനം വകുപ്പിന്റെയോ ഇടപെടൽ ഉണ്ടായില്ലെന്ന് ജനപ്രതിനിധികൾ ആരോപിക്കുന്നു. രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഊട്ടോളി മഹാദേവൻ എന്ന ആനയെ തളച്ചത്.
രണ്ടു കാറുകളും എട്ട് ബൈക്കുകളും അടക്കം ആന തകർത്തിരുന്നു. ഉത്സവ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന കുളിപ്പിക്കുന്നതിനിടെയാണ് ഇടഞ്ഞത്. തുടർന്ന് ജ്ഞാനോദയം ക്ഷേത്രത്തിൽ നിന്ന് ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മുറ്റത്തേക്ക് ആന ഓടിയെത്തി. ക്ഷേത്രമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർക്കുകയായിരുന്നു.
ആന ഇടഞ്ഞ വിവരമറിഞ്ഞ് ആളുകൾ ക്ഷേത്രത്തിനു ചുറ്റും കൂടിയതോടെ ആന കൂടുതൽ പ്രകോപിതനായി. ‘ക്ഷേത്രത്തിനു മുന്നിലൂടെ പോകുന്ന സംസ്ഥാനപാതയിലേക്ക് ആന ഓടി കയറിയതോടെ സ്ഥിതി കൂടുതൽ സങ്കീർണമായി ‘ഒടുവിൽ എലിഫൻറ് സ്ക്വാർഡും ആനയുടെ പാപ്പാന്മാരും ചേർന്ന് ആനയെ വീണ്ടും ക്ഷേത്രമുറ്റത്തെ മൈതാനത്തേക്ക് എത്തിച്ചു.
രണ്ടര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ആന സ്വയം ശാന്തനായപ്പോളാണ് ആനയുടെ കാലിൽ കുരുക്കിട്ട് ക്ഷേത്ര ആലിൽ ആനയെ കെട്ടാൻ സാധിച്ചത്.തുടർന്ന് അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആനയെ പൂർണമായും തളച്ചു.ആന ഇടഞ്ഞ മണിക്കൂറുകൾ കഴിഞ്ഞിട്ടും സംഭവസ്ഥലത്ത് വേണ്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥടക്കം എത്താതിരുന്നത് കടുത്ത ജനരോക്ഷത്തിനും ഇടയാക്കിയിരുന്നു.