NationalTop News

തെലങ്കാന ടണൽ അപകടം; രക്ഷാപ്രവർത്തനത്തിനായി കേരള പൊലീസിന്റെ കഡാവർ നായകൾ

Spread the love

തെലങ്കാന നാഗർകുർണൂലിലെ ടണലിൽ അകപ്പെട്ട തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനത്തിന് കേരള പൊലീസിന്റെ കഡാവർ നായ്ക്കളും പങ്കാളികളാകും. രക്ഷാപ്രവർത്തനത്തിനായി കേരള പൊലീസിന്റെ രണ്ട് കഡാവർ ഡോഗുകളെ അയച്ചു. രണ്ട് പൊലീസ് നായകളും അവയെ കൈകാര്യം ചെയ്യുന്ന ജീവനക്കാരും ഹൈദരാബാദിലെത്തി. ദേശീയ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടതനുസരിച്ചാണ് പൊലീസിന്റെ കഡാവർ നായ്ക്കളെ വിട്ടുകൊടുത്തത്.

നേരത്തെ ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലുണ്ടായപ്പോൾ ദൗത്യ സംഘത്തിനൊപ്പം ഉണ്ടായിരുന്ന റാറ്റ് മൈനേഴ്സും നാഗർകുർണൂലിലെ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായിട്ടുണ്ട്. അത്യധുനിക എൻഡോസ്കോപ്പിക്, റോബോട്ടിക് ക്യാമറകൾ ഉപയോഗിച്ച് കുടുങ്ങിക്കിടക്കുന്നവരെ ട്രാക്ക് ചെയ്യാനുള്ള ശ്രമവും നടത്തിയിരുന്നു.

തുരങ്കത്തിനുള്ളിൽ ഏകദേശം 14 കിലോമീറ്റർ അകലെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ എട്ട് പേരുടെ കുടുംബാംഗങ്ങളുടെ വേദനാജനകമായ കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. കര – നാവിക – ദുരന്ത നിവാരണ സേനകൾക്കൊപ്പം 11 ഏജൻസികൾ കൈകോർത്താണ്‌ കുടുങ്ങികിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള പദ്ധതിക്ക് അന്തിമ രൂപം നൽകിയത്. തുരങ്കത്തിനകത്തെ പ്രതികൂല സാഹചര്യം കാരണം നിരവധി തവണ രക്ഷാപ്രവർത്തനം തടസപ്പെട്ടതോടെ കുടുങ്ങി കിടക്കുന്നവരെ ജീവനോടെ പുറത്തെത്തിക്കാമെന്ന പ്രതീക്ഷ അസ്തമിച്ചിട്ടുണ്ട് .

9.5 അടി വ്യാസമുള്ള ടണലാണിത്. തൊഴിലാളികൾ കുടുങ്ങി കിടക്കുന്ന സ്ഥലത്ത് വെല്ലുവിളിയായ ചെളിയും മണ്ണും പൂർണമായും നീക്കാൻ സാധിച്ചിട്ടില്ല. ഇവ നീക്കിയാൽ മാത്രമേ തൊഴിലാളികൾ അകപ്പെട്ട സ്ഥലത്ത് എത്തിച്ചേരാൻ രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ സാധിക്കൂ. എട്ട്പേർ കുടുങ്ങിക്കിടക്കുന്നതിന് 40 മീറ്റർ ഇപ്പുറംവരെ മാത്രമേ രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിഞ്ഞിട്ടുള്ളൂ. 584 അംഗ സംഘമാണ് രക്ഷാപ്രവർത്തന ദൗത്യത്തിലുള്ളത്. ടണലിനകത്തേക്ക് മുഴുവൻ സമയവും ഓക്സിജൻ സപ്ലൈ ചെയ്യുന്നുണ്ട്. ഭൂമിശാസ്ത്രപരമായി ഏറെ വെല്ലുവിളി നേരിടുന്നപ്രദേശമാണിത്. വലിയ യന്ത്രങ്ങൾ തുരങ്കത്തിലൂടെ കൊണ്ടുപോകുന്നതും വെല്ലുവിളി തന്നെയാണ്.

ഫെബ്രുവരി 22നായിരുന്നു തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നതിനെത്തുടർന്ന് 8 തൊഴിലാളികൾ അകപ്പെട്ടത്. ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ പദ്ധതിയിയുടെ ഭാഗമായ ടണൽ നിർമാണത്തിനിടെയാണ് അപകടം ഉണ്ടായത്. തൊഴിലാളികള്‍ക്കും ബോറിങ് മെഷീനുകള്‍ക്കും മുകളിലേക്ക് മൂന്ന് മീറ്റർ റൂഫിങ് ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. അപകടം നടക്കുമ്പോൾ 50 തോളം തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 42 പേരെ ടണലിന് പുറത്തെത്തിച്ചു. കൃഷ്ണ നദിയിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി നിര്‍മ്മിച്ച ശ്രീശൈലം അണക്കെട്ടില്‍ നിന്ന് 50.75 കിലോമീറ്റര്‍ നീളമുള്ള തുരങ്കങ്ങള്‍ നിര്‍മ്മിച്ച് നാഗര്‍ കുര്‍ണൂല്‍, നഗല്‍കോണ്ട ജില്ലകളിലേക്ക് വെള്ളമെത്തിക്കുന്ന പദ്ധതിയാണിത്.