ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യക്ക് ശ്രമിച്ചു;നില അതീവഗുരുതരം
പിന്നണി ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യക്ക് ശ്രമിച്ചു.അമിതമായി ഉറക്ക ഗുളിക കഴിച്ചാണ് കൽപ്പന ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.നിലവിൽ ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഹൈദരാബാദിലെ നിസാം പേട്ടിലായിരുന്നു ഇവരുടെ താമസം. രണ്ടു ദിവസമായി പുറത്തേക്ക് കാണാത്തതും,വാതിൽ തുറക്കാത്തതിലും സംശയം തോന്നിയ സെക്യൂരിറ്റി ഗാർഡ് അടുത്തുള്ള വീട്ടുകാരെ വിവരമറിയിക്കുകയും വാതിൽ തുറക്കാൻ ശ്രമിക്കുകയുമായിരുന്നു , അത് സാധിക്കാതെ വന്നപ്പോൾ പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് എത്തി വാതിൽ തുറന്നപ്പോഴാണ് കൽപ്പനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിക്കുമ്പോൾ നില അതീവ ഗുരുതരമായിരുന്നെന്നും പൊലീസ് അറിയിച്ചു. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിൽക്കുന്നതെന്നും ആരോഗ്യനിലയിൽ മാറ്റമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുള്ള കൽപ്പന 2010 ലെ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗറിലെ വിജയി ആയതോടെയാണ് ജനങ്ങൾക്കിടയിൽ ഏറെ പ്രശസ്തി നേടിയത്. പിന്നീട് പ്രശസ്തരായ പല സംഗീത പ്രതിഭകൾക്കൊപ്പവും അവർ വേദി പങ്കിട്ടു. പിന്നണി ഗായിക ,ഡബ്ബിങ് ആർട്ടിസ്റ്റ് ,ഗാനരചയിതാവ് ,നടി എന്നീ നിലകളിലും അവർ ഏറെ പ്രശസ്തയാണ്.