KeralaTop News

കോണ്‍ഗ്രസ് നടത്തിയ രഹസ്യ സര്‍വേയിലും എല്‍ഡിഎഫ് തുടര്‍ഭരണം പ്രവചിക്കുന്നു’; കെ എന്‍ ബാലഗോപാല്‍

Spread the love

കോണ്‍ഗ്രസ് നേതൃത്വം നേരിട്ട് നടത്തിയ രഹസ്യ സര്‍വേയിലും കേരളത്തിൽ മൂന്നാം പിണറായി സർക്കാർ വരും എന്നാണ് കണ്ടെത്തിയതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വികസനത്തിന് സര്‍ക്കാരുകളുടെ തുടര്‍ച്ച പ്രധാനമെന്നും ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയായി ഈ സര്‍ക്കാര്‍ വന്നതുകൊണ്ടാണ് ഇത്രയധികം വികസനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ സര്‍വ്വേയിലും തുടര്‍ഭരണം ഉണ്ടാകുമെന്ന് പറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവണ്‍മെന്റിനെ പറ്റിയും പാര്‍ട്ടിയെ പറ്റിയും എല്‍ഡിഎഫിനെ പറ്റിയുമെല്ലാം നല്ല അഭിപ്രായമാണെന്നും ആ അഭിപ്രായം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയാണ് ഞങ്ങളുടെ ചുമതല. മൂന്നാം തുടര്‍ഭരണം എല്ലാവരും ചര്‍ച്ച ചെയ്യുന്നു. തുടര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ – അദ്ദേഹം പറഞ്ഞു.

ആശാവര്‍ക്കര്‍മാരുടെ വേതനം ഉയര്‍ത്തണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും രേഖാമൂലം തന്നെ കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു എന്നും ധനമന്ത്രി പറഞ്ഞു. സുരേഷ്‌ഗോപിക്കെതിരെയും അദ്ദേഹം വിമര്‍ശനമുയര്‍ത്തി. കേന്ദ്രമന്ത്രി തെറ്റിദ്ധാരണ പരത്തരുതെന്നും രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ പിന്നാക്കമായിട്ട് വരണമെന്ന് ഒരു കേന്ദ്രമന്ത്രി നേരത്തെ ആവശ്യപ്പെട്ടു. പിന്നാക്കമായിട്ട് കേരളത്തിന് ഔദാര്യമൊന്നും വേണ്ട. ആശാ വര്‍ക്കര്‍മാര്‍ക്ക് 12 വര്‍ഷം മുമ്പ് തീരുമാനിച്ച സഹായം കൂട്ടാന്‍ കേന്ദ്രം തയ്യാറാകണം – അദ്ദേഹം വ്യക്തമാക്കി. സുരേഷ് ഗോപിയുടേത് ഗിമ്മിക്കെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ചാനല്‍ ദൃശ്യങ്ങള്‍ കണ്ടാല്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.