KeralaTop News

‘മൂന്നാമൂഴം കിട്ടാനുള്ള സാഹചര്യം രൂപപ്പെട്ടിട്ടുവരുന്നുണ്ട്; ഉറപ്പായി എന്ന് പറയുന്നത് അബദ്ധം’; എം എ ബേബി

Spread the love

മൂന്നാം ഊഴം പ്രചാരണത്തില്‍ മുന്നറിയിപ്പുമായി സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. ഇടത് സര്‍ക്കാരിന് മൂന്നാം ഊഴം ഉറപ്പായി എന്ന് പറഞ്ഞ് നടക്കുന്ന ചിലര്‍ ഉണ്ട്. മൂന്നാം ഊഴം ഉറപ്പായി എന്ന് പറയുന്നത് അബദ്ധം. അതിനുള്ള സാഹചര്യം മാത്രമാണ് രൂപപ്പെട്ടിട്ടുള്ളതെന്നും എം എ ബേബി പറഞ്ഞു.

ഈ ചെങ്കൊടി പ്രസ്ഥാനത്തിന് മൂന്നാമൂഴം കിട്ടാനുള്ള സാഹചര്യം രൂപപ്പെട്ടിട്ടുവരുന്നുണ്ട്. സാഹചര്യം രൂപപ്പെട്ടിട്ടെയുള്ളു. മൂന്നാമൂഴം ആയിക്കഴിഞ്ഞെന്ന് പറഞ്ഞ് ചിലര്‍ നടക്കുന്നുണ്ട്. അത് അബദ്ധമാണ്. മൂന്നാമൂഴം ഉറപ്പിക്കാനുള്ള പ്രവര്‍ത്തനം, പോരാട്ടങ്ങള്‍, അതും ഈ സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ് – അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പ്രായപരിധിയില്‍ ഔട്ട്സ്റ്റാന്‍ഡിങ്ങ് നേതാക്കള്‍ക്ക് ഇളവ് വേണമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്‍ പ്രതികരിച്ചു. 75 വയസ് പ്രായപരിധിയെന്ന പാര്‍ട്ടി തീരുമാനത്തോട് നൂറ് ശതമാനം യോജിക്കുന്നു. എന്നാല്‍ രാഷ്ട്രീയ, പ്രത്യയ ശാസ്ത്ര രംഗത്ത് പ്രാവീണ്യമുള്ള നേതാക്കള്‍ക്ക് ഇളവ് നല്‍കണമെന്ന് എകെ ബാലന്‍ പറഞ്ഞു.

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകുകയാണ്. സമ്മേളനത്തിന് എത്തുന്ന പ്രതിനിധികളെ വരവേല്‍ക്കാന്‍ കൊല്ലം നഗരം ഒരുങ്ങി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സിപിഐഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത്. സംസ്ഥാനത്ത് കണ്ണൂര്‍ കഴിഞ്ഞാല്‍ സിപിഐഎമ്മിന് കൂടുതല്‍ സംഘടന സംവിധാനമുള്ള കൊല്ലം സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങി കഴിഞ്ഞു. ബ്രാഞ്ചുതലം മുതല്‍ ജില്ലാതലം വരെയുള്ള സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി, വിഭാഗീയ നീക്കങ്ങള്‍ മുളയിലെനുള്ളിയാണ് സംസ്ഥാന സമ്മേളനത്തിലേക്ക് സിപിഐഎം കടക്കുന്നത്.