‘സിപിഐഎമ്മുമായി ചേര്‍ന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഇല്ലാത്ത സര്‍വെയുടെ പേരില്‍ പച്ച നുണ പ്രചരിപ്പിക്കുന്നു’; പത്രത്തിന് വക്കീല്‍ നോട്ടീസയച്ച് എഐസിസി
തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കിയെന്ന് ചൂണ്ടിക്കാട്ടി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് വക്കീല്‍ നോട്ടീസ് അയച്ച് എ.ഐ.സി.സി. ഇല്ലാത്ത സര്‍വ്വേയുടെ പേരില്‍ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കി എന്നതിന്റെ പേരിലാണ് വക്കീല്‍ നോട്ടീസ്. ഉള്ളടക്കം പിന്‍വലിച്ചു മാപ്പ് പറയണം എന്നാണ് നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ സിവിലും ക്രിമിനലുമായ നടപടികള്‍ കോണ്‍ഗ്രസ് സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയസാധ്യതയെ മങ്ങലേല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നതായി എഐസിസിയുടെ സര്‍വെ സംഘം കണ്ടെത്തിയെന്ന തരത്തിലാണ് ദേശീയ ഇംഗ്ലീഷ് ദിനപത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇത്തരത്തില്‍ ഏതെങ്കിലും സര്‍വെ നടത്താന്‍ എഐസിസി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രസ്താവനയിലൂടെ അറിയിച്ചു. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ കോണ്‍ഗ്രസിനെതിരെ പ്രചരിപ്പിക്കുന്നത് പതിവാണെന്നാണ് വക്കീല്‍ നോട്ടീസിലൂടെ എഐസിസി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇത്തരം മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകും. സര്‍വ്വേ നടത്താന്‍ എഐസിസി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സിപിഐഎമ്മുമായി ചേര്‍ന്ന് ഈ മാധ്യമം പച്ച നുണ പ്രചരിപ്പിക്കുന്നുവെന്നും എഐസിസി ആരോപിച്ചു.
കോണ്‍ഗ്രസിന്റെ രാഷ്ട്രീയ എതിരാളിയായ സിപിഎമ്മുമായി ചേര്‍ന്ന് പച്ചനുണ പ്രചരിപ്പിച്ച് പൊതുസമൂഹത്തിലും വോട്ടര്‍മാര്‍ക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള മനഃപൂര്‍വ്വമായ ഗൂഢനീക്കമാണ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ വാര്‍ത്തയ്ക്ക് പിന്നിലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. പ്രാരംഭനടപടിയുടെ ഭാഗമായാണ് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കിയ ദേശീയ ഇംഗ്ലീഷ് മാധ്യമത്തിനെതിരെ നോട്ടീസ് നല്‍കിയത്. വാര്‍ത്ത പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ തുടര്‍ നടപടിയായി എഐസിസി ലീഗല്‍ സെല്‍ കേസ് ഫയല്‍ ചെയ്യുമെന്നും കെ.സി.വേണുഗോപാല്‍ അറിയിച്ചു.
കേരളത്തിലെ ജനങ്ങളുടെ ഹിതം പരിശോധിച്ചാല്‍ അവര്‍ യുഡിഎഫിനെ അവര്‍ വോട്ടു ചെയ്യു. ഒറ്റക്കെട്ടായിട്ടാണ് സംസ്ഥാനനത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ പ്രയത്നിക്കുന്നത്.കേരളത്തില്‍ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിനെയും ബിജെപിയെയും പരാജയപ്പെടുത്തുക എന്നതാണ് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും ദൗത്യം. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്റെ തകര്‍ച്ച ആഗ്രഹിക്കുന്നവരെ കൂട്ടുപിടിച്ച നല്‍കുന്ന ഇത്തരം വാര്‍ത്തകള്‍ കോണ്‍ഗ്രസിന്റെ കെട്ടുറപ്പിനെ ഒരുവിധത്തിലും ബാധിക്കില്ലെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.