വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാൻ കൊലപാതക പരമ്പര നടത്തിയത് മാതാവ് മരിച്ചെന്ന് കരുതി
സാമ്പത്തിക ബാധ്യത തന്നെയാണ് വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ കലാശിച്ചതെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണസംഘം. പ്രതി അഫാനും മാതാവിനും സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് മൊഴി. മാതാവ് ഷെമി മരിച്ചെന്ന് കരുതിയാണ് അഫാൻ ബാക്കി ഉള്ള കുടുംബാംഗങ്ങളെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം. കൊലപാതകദിവസം രാവിലെയും 2,000 രൂപ വേണമെന്ന അഫാന്റെ ആവശ്യമാണ് തർക്കത്തിലും ആക്രമണത്തിലും കലാശിച്ചത്. കൊലപാതകത്തിന്റെ തലേദിവസം പണം ആവശ്യപ്പെട്ട് വീട്ടിൽ തർക്കങ്ങൾ ഉണ്ടായെന്നും അന്വേഷണസംഘം വ്യക്തമാക്കി.
ഷെമിയെ ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കിയും തല ചുമരിൽ ഇടിച്ച് രക്തം വാർന്ന് ഉമ്മ മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെയും കൊലപ്പെടുത്താൻ അഫാൻ ഒരുങ്ങിയത്. പെട്ടെന്ന് മരണം ഉറപ്പുവരുത്താൻ ആകുമെന്ന തോന്നലിലാണ് ചുറ്റികയെന്ന ആയുധത്തിലേക്ക് പ്രതി എത്തിയത് എന്നുള്ള നിഗമനത്തിലും പൊലീസ് എത്തി ചേർന്നിട്ടുണ്ട്. വെഞ്ഞാറമൂടിനടുത്തുള്ള ഒരു കടയിൽ നിന്നായിരുന്നു പ്രതി ചുറ്റിക വാങ്ങിയിരുന്നത്. ബാക്കി 4 പേരെയും പ്രതി കൊലപ്പെടുത്തിയത് ഈ ചുറ്റിക ഉപയോഗിച്ചായിരുന്നു. ഒറ്റയടിക്ക് തന്നെ ജീവൻ എടുക്കുക എന്ന ചിന്തയാകും ആയുധം ചുറ്റികയാക്കാൻ പ്രതിയെ പ്രേരിപ്പിച്ചത്.
അഫാന്റെ മൊബൈൽ ഫോൺ ഇതുവരെയും വിശദമായി പരിശോധിച്ചിട്ടില്ല. പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയത്. ഗൂഗിൾ ഹിസ്റ്ററി ഡിലീറ്റ് ചെയ്ത നിലയിലാണ്. കസ്റ്റഡിയിൽ വാങ്ങിയശേഷമേ കാര്യങ്ങൾക്ക് വ്യക്തത വരുകയുള്ളൂവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നിലവിൽ തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിലാണ് പ്രതിയുള്ളത്. ഇന്ന് കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ കോടതിയിൽ പൊലീസ് നൽകും അങ്ങിനെയാണെങ്കിൽ നാളെ പ്രതിയുമായി തെളിവെടുപ്പ് നടത്താൻ ഒരുങ്ങുകയാണ് അന്വേഷണസംഘം. വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ എങ്ങിനെയാണ് ഇത്രയും കടബാധ്യത വന്നതെന്നുള്ള കാര്യത്തിൽ പൂർണ്ണമായും ഒരു വ്യക്തത വരികയുള്ളൂ.