പ്രായപരിധിയെന്ന പാര്‍ട്ടി തീരുമാനത്തോട് യോജിക്കുന്നു; എന്നാല്‍ ഔട്ട്സ്റ്റാന്‍ഡിങ്ങ് നേതാക്കള്‍ക്ക് ഇളവ് വേണം’ ; എ.കെ. ബാലന്‍
പ്രായപരിധിയില്‍ ഔട്ട്സ്റ്റാന്‍ഡിങ്ങ് നേതാക്കള്‍ക്ക് ഇളവ് വേണമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്‍. 75 വയസ് പ്രായപരിധിയെന്ന പാര്‍ട്ടി തീരുമാനത്തോട് നൂറ് ശതമാനം യോജിക്കുന്നു. എന്നാല്‍ രാഷ്ട്രീയ, പ്രത്യയ ശാസ്ത്ര രംഗത്ത് പ്രാവീണ്യമുള്ള നേതാക്കള്‍ക്ക് ഇളവ് നല്‍കണമെന്ന് എകെ ബാലന്‍ പറഞ്ഞു.
പ്രത്യയശാസ്ത്രപരമായി, സംഘടനാപരമായി, രാഷ്ട്രീയപരമായി ഔട്ട്സ്റ്റാന്‍ഡിങ്ങ് ആയ ആളുകള്‍ക്ക്, കഴിഞ്ഞ പ്രാവശ്യം സഖാവ് പിണറായിക്ക് കൊടുത്തത് പോലെ തന്നെ ഇളവ് നല്‍കണം. പുതിയ ആള്‍ക്കാര്‍ വരണം. പുതിയ ജനറേഷന്‍ എന്ന് പറയുന്നത് വലിയ കഴിവുള്ളവരാണ്. ആ കഴിവിനെ നമ്മള്‍ ആ ഒരു സമയത്ത് ഉപയോഗപ്പെടുത്തണം. അല്ലാതെ എല്ലാ അസുഖങ്ങളും വന്ന് നേരെ ചൊവ്വേ വര്‍ത്തമാനം പറയാന്‍ സാധിക്കാത്ത സമയത്ത് പ്രൊമോഷന്‍ കിട്ടിയിട്ട് എന്താണ് കാര്യം. കിട്ടേണ്ട സമയത്ത് തന്നെ അത് കൊടുക്കണം. ഏറ്റവും ഉചിതമായ തീരുമാനമാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള വയസിന്റെ നിയന്ത്രണം. അത് ഏറ്റവും നന്നായിരുന്നു – അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകുകയാണ്. സമ്മേളനത്തിന് എത്തുന്ന പ്രതിനിധികളെ വരവേല്‍ക്കാന്‍ കൊല്ലം നഗരം ഒരുങ്ങി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സിപിഐഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത്. സംസ്ഥാനത്ത് കണ്ണൂര്‍ കഴിഞ്ഞാല്‍ സിപിഐഎമ്മിന് കൂടുതല്‍ സംഘടന സംവിധാനമുള്ള കൊല്ലം സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങി കഴിഞ്ഞു. ബ്രാഞ്ചുതലം മുതല്‍ ജില്ലാതലം വരെയുള്ള സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി, വിഭാഗീയ നീക്കങ്ങള്‍ മുളയിലെനുള്ളിയാണ് സംസ്ഥാന സമ്മേളനത്തിലേക്ക് സിപിഐഎം കടക്കുന്നത്.
സമ്മേളനത്തിന്റെ ഭാഗമായ കൊടിമര – പതാക ജാഥകള്‍ ഇന്ന് വൈകിട്ട് പൊതുസമ്മേളന നഗരിയായ ആശ്രാമത്ത് സീതാറാം യെച്ചൂരി നഗറില്‍ സംഗമിക്കും. സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന സമ്മേളന സംഘാടക സമിതി ചെയര്‍മാനുമായ കെ.എന്‍.ബാലഗോപാല്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് ജില്ലയിലെ 23 രക്തസാക്ഷി സ്മൃതികുടീരങ്ങളില്‍ നിന്നുള്ള ദീപശിഖാ യാത്രകള്‍ സംഗമിച്ച് പ്രതിനിധി സമ്മേളന വേദിയായ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ സ്ഥാപിക്കും.
പ്രതിനിധി സമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ സിപിഐഎം കോ ഓര്‍ഡിനേറ്റര്‍ പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും വിവിധ ജില്ലകളില്‍ നിന്നുമായി 486 പ്രതിനിധികളും 44 നിരീക്ഷകരും അതിഥികളും അടക്കം 530 പേര്‍ സമ്മേളനത്തിന്റെ ഭാഗമാകും.