‘കേരളത്തിന് ക്രിക്കറ്റിനോടുള്ള ആത്മബന്ധം വലുത്’; കേരള ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
രഞ്ജി ട്രോഫിയിൽ റണ്ണറപ്പായ കേരള ക്രിക്കറ്റ് ടീമിനും കെസിഎയ്ക്കും അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത തവണ കപ്പ് നേടുന്നതിനുള്ള ചവിട്ടുപടിയാവട്ടെ ഇത്തവണത്തെ ഫൈനൽ പ്രവേശനം. അത്ലറ്റിക്സിലും ഫുട്ബോളിലും കേരളം മികച്ച നേട്ടം കൈവരിച്ചു.
കേരളത്തിൻ്റേത് വിജയ സമാനമായ നേട്ടമാണെന്നും അടുത്ത തവണ കപ്പ് നേടുന്നതിലേക്കുള്ള ചവിട്ടുപടിയാവട്ടെ ഈ ഫൈനൽ പ്രവേശനവും മികച്ച പ്രകടനവുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന് ക്രിക്കറ്റിനോടുള്ള ആത്മബന്ധം വലുത്.തലശ്ശേരിയെ ക്രിക്കറ്റിന്റെ നാട് എന്നാണ് അറിയപ്പെടുന്നത്.
ക്യാപ്റ്റൻ സച്ചിൻ ബേബിക്കും കോച്ച് അമെയ് ഖുറേഷിക്കും ടീമംഗങ്ങൾക്കും പ്രത്യേക അഭിനന്ദനം അദ്ദേഹം നേർന്നു. ബൗളിങ്ങിൽ ജലജ് സക്സേനയും ആദിത്യ സർത്തെയും മികച്ച പ്രകടനം കാഴ്ചവച്ചു, അവരെ മറുനാടൻ താരങ്ങളായി ചിലർ വിശേഷിപ്പിക്കുന്നുണ്ടെന്നും എന്നാൽ അങ്ങനെയല്ല, അവർ കേരളത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്കൂളിൽ പഠിക്കുമ്പോൾ വലിയ വിഷമം ആയിരുന്നു, രഞ്ജിയിൽ കേരളം തോറ്റു എന്നായിരുന്നു അക്കാലത്തെ വാർത്തയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഇപ്പോൾ അഭിമാന നിമിഷമാണ്. സച്ചിൻ ബേബി മുഖ്യമന്ത്രിക്ക് റണ്ണേഴ്സ് ട്രോഫി കൈമാറിയത് അഭിമാനം. കേരളത്തിന്റെ യുവത്വത്തെ ലഹരി കീഴടക്കാൻ തുടങ്ങിയ സമയമാണ്. അതിന് മറുപടി കൊടുക്കേണ്ടത് കായിക മേഖലയാണ്. നിങ്ങളാണ് വരാനിരിക്കുന്ന തലമുറയുടെ മാതൃകയെന്നും വി ഡി സതീശൻ വ്യക്തമാക്കി.