‘കഞ്ചാവല്ല, അത് പ്രസാദമാണ്’; അറസ്റ്റിലായതിന് പിന്നാലെ ‘ഐഐടി ബാബ’യുടെ പ്രതികരണം
കഞ്ചാവ് കൈവശംവച്ച കേസിൽ ഐഐടി ബാബ എന്നറിയപ്പെടുന്ന അഭയ് സിങ് അറസ്റ്റിൽ. നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് (എൻഡിപിഎസ്) നിയമപ്രകാരമാണ് അറസ്റ്റ്.
തന്റെ കൈയിൽ നിന്ന് പിടികൂടിയത് കഞ്ചാവല്ലെന്നും പ്രസാദമാണെന്നുമായിരുന്നു ഐഐടി ബാബ പൊലീസിനോട് പ്രതികരിച്ചത്. എല്ലാ ഋഷിമാരുടെ കൈവശവും കഞ്ചാവുണ്ടാകും. അനധികൃതമാണെങ്കില്‍ മഹാ കുംഭമേളയില്‍ പങ്കെടുത്ത എല്ലാ ഋഷിമാരേയും അറസ്റ്റ് ചെയ്യണമെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
അനുവദിനീയമായ അളവിലായിരുന്നു കഞ്ചാവ് കൈവശം വെച്ചത് എന്നതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. 1.50 ഗ്രാം കഞ്ചാവായിരുന്നു ഇയാളില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്.
താമസിച്ചിരുന്ന ഹോട്ടലിലെത്തി പൊലീസ് തന്നെ അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് അഭയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
ഹരിയാനയിലെ ജാജ്ജർ ജില്ലയിലാണ് അഭയ് സിങ്ങിന്റെ സ്വദേശം. മുംബൈ ഐഐടിയിൽനിന്ന് എയറോസ്പേസ് എൻജിനീയറിങ് പഠിച്ചിറങ്ങിയ അഭയ് സിങ് മൾട്ടിനാഷനൽ കമ്പനികളിലെ ജോലിക്കു ശേഷമാണ് ആത്മീയതയിലേക്കു തിരിഞ്ഞത്. കുംഭമേളയ്ക്കിടെ അഭയ് സിങ്ങിന്റെ വിഡിയോകൾക്ക് വ്യാപക പ്രചാരണം ലഭിച്ചിരുന്നു.