ഷഹബാസ് കൊലപാതകം; നിർണായകമായത് CCTV ദൃശ്യങ്ങൾ; വീണ്ടും മർദിക്കാനുള്ള പ്രതികളുടെ ശ്രമം തടഞ്ഞത് മാളിലെ ജീവനക്കാർ
താമരശേരി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തിൽ പ്രതികളെ പിടികൂടുന്നതിൽ നിർണായകമായത് മാളിലെ സിസിടിവി ദൃശ്യങ്ങൾ. മുഹമ്മദ് ഷഹബാസിനെ മർദിച്ച് അവശനാക്കിയ ശേഷം പ്രതികൾ എത്തിയത് മാളിന്റെ പാർക്കിംഗ് ഏരിയയിലാണ്. മർദിച്ചത് എങ്ങനെ എന്ന് പരസ്പരം ആംഗ്യങ്ങളിലൂടെ പറയുന്നതായി ദൃശ്യങ്ങളിൽ കാണാം. വീണ്ടും സംഘടിച്ച് പോയി മർദിക്കാനുള്ള ശ്രമം മാളിലെ ജീവനക്കാരാണ് തടഞ്ഞത്.
ജീവനക്കാർ പാർക്കിംഗ് ഏരിയ നിന്നും വിദ്യാഥികളെ പറഞ്ഞയക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വ്യാഴാഴ്ച വൈകിട്ട് 6.40ഓടെയാണ് ഷഹബാസിനെ മര്‍ദിച്ച് അവശനാക്കിയത്. ഇതിന് ശേഷം മാളിന്റെ പാര്‍ക്കിങ്ങില്‍ മര്‍ദിച്ചവര്‍ എത്തുന്നതാണ് ദൃശ്യങ്ങള്‍. പൊലീസിന്റെ അഭ്യര്‍ഥന പ്രകാരം സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടുന്നില്ല. പത്തോളം വിദ്യാർഥികളാണ് ദൃശ്യങ്ങളിലുള്ളത്. ഷഹബാസിനെ മർദിച്ച് അവശനാക്കിയിട്ടും പക തീരാതെയാണ് വീണ്ടും സംഘടിച്ച് മർദിക്കാനായി വിദ്യാർഥികൾ പോയത്. ഇത് ശ്രദ്ധയിൽപ്പെട്ട മാളിലെ ജീവനക്കാർ ഇടപെട്ട് ഇവവരെ ഇവിടെ നിന്ന് പറഞ്ഞുവിട്ടത്.
കേസിൽ ആറു പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യത്തിൽ കൂടുതൽ വിദ്യാർഥികളെ കണ്ടതിനാൽ കൂടുതൽ പേരെ പ്രതി ചേർക്കാനും സാധ്യതയുണ്ട്. ഷഹബാസിന്റെ കൊലപാതകത്തിലെ ഗൂഢാലോചനാ തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. 62 പേർ ഉൾപ്പെട്ട ഇൻസ്റ്റഗ്രാം ഗ്രൂപ്പിലാണ് ആക്രമിക്കാൻ പദ്ധതിയിട്ടത്. പിടിച്ചെടുത്ത ലാപ്ടോപ്പും മൊബൈൽ ഫോണുകളും ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും.
ടീം ഹെർമിലേൻസ് എന്ന ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ നടന്ന അക്രമ ആഹ്വന ചർച്ചകളിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിൽ കൂടുതൽ വിദ്യാർഥികൾക്ക് പങ്കുണ്ടെന്ന് പൊലീസിന് സംശയം ഉണ്ടായിരുന്നു. ഇതിൽ തുടരുന്ന അന്വേഷണമാണ് ആറാം പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ എത്തിച്ചത്. താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാഥിയാണ് പിടിയിലായത്.