Top NewsWorld

ചന്ദ്രനിൽ ചരിത്രം കുറിച്ച് ‘ഫയർഫ്‌ളൈ എയ്‌റോസ്‌പേസ്; സ്വകാര്യ ബഹിരാകാശ ഗവേഷണത്തിൽ പുതിയ നാഴികക്കല്ല്

Spread the love

സ്വകാര്യ ബഹിരാകാശ ഗവേഷണ രംഗത്ത് നിർണായക മുന്നേറ്റം നടത്തി ‘ഫയർഫ്‌ളൈ എയ്‌റോസ്‌പേസ്’. ടെക്‌സസ് ആസ്ഥാനമായുള്ള കമ്പനിയുടെ ‘ബ്ലൂ ഗോസ്റ്റ് പേടകം’ വിജയകരമായി ചന്ദ്രനിൽ ഇറങ്ങി. ഇതോടെ ചന്ദ്രനിൽ പേടകമിറക്കുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയായി ഫയർഫ്‌ളൈ മാറി. 2024 ഫെബ്രുവരിയിൽ ഇൻ്റ്യൂട്ടീവ് മെഷീൻസ് എന്ന അമേരിക്കൻ കമ്പനിയാണ് ഈ നേട്ടം ആദ്യമായി കൈവരിച്ചത്.

സ്‌പേസ് എക്‌സിൻ്റെ ഫാൽക്കൺ 9 റോക്കറ്റിൽ 2025 ജനുവരി 15-നാണ് ബ്ലൂ ഗോസ്റ്റ് ലാൻഡർ വിക്ഷേപിച്ചത്. 45 ദിവസം നീണ്ട യാത്രയ്‌ക്കൊടുവിൽ മാർച്ച് 2-ന് പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ലാൻഡിംഗിന് ശേഷം ലാൻഡർ ചന്ദ്രോപരിതലത്തിൻ്റെ ചിത്രങ്ങൾ ഭൂമിയിലേക്ക് അയച്ചു. ചന്ദ്രൻ്റെ ഉൾഭാഗത്തുനിന്നുള്ള താപപ്രവാഹത്തെക്കുറിച്ച് പഠിക്കുക എന്നതാണ് ദൗത്യത്തിൻ്റെ പ്രധാന ലക്ഷ്യം. ചന്ദ്രൻ്റെ കാന്തിക, വൈദ്യുത മണ്ഡലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും.

നാസയുടെ 10 പരീക്ഷണ ദൗത്യങ്ങളാണ് ഫയർഫ്‌ളൈ ലക്ഷ്യമിടുന്നത്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ലൂണാർ പ്ലാനറ്റ് വാക്ക് (LPV) എന്ന ഉപകരണത്തിൻ്റെ പരീക്ഷണം. മറ്റ് ഗ്രഹങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കാനായി വികസിപ്പിച്ചെടുത്ത ഒരു ഹൈടെക് വാക്വം ക്ലീനറാണിത്. മർദ്ദം ഉപയോഗിച്ച് വാതകം പുറത്തേക്ക് വിട്ട് ഗ്രഹങ്ങളുടെ ഉപരിതലത്തിലെ മണ്ണ് ഇളക്കി ഉയർത്തുന്ന രീതിയാണ് ഇതിൽ ഉപയോഗിക്കുന്നത്. ഒരു സെൻ്റീമീറ്റർ വരെ വലിപ്പമുള്ള വസ്തുക്കൾ ശേഖരിക്കാൻ ഈ ഉപകരണത്തിന് സാധിക്കും. LPV ഉൾപ്പെടെ ഏഴ് ശാസ്ത്രീയ ഉപകരണങ്ങളാണ് ബ്ലൂ ഗോസ്റ്റ് ലാൻഡറിൽ ഉള്ളത്. സ്വകാര്യ ബഹിരാകാശ ഗവേഷണ രംഗത്ത് വലിയൊരു ചുവടുവെയ്പ്പാണ് ഫയർഫ്‌ളൈയുടെ ഈ നേട്ടം.