KeralaTop News

താമരശ്ശേരി ഷഹബാസ് കൊലപാതകം; തലയ്ക്കടിച്ച നഞ്ചക്ക് കണ്ടെത്തി

Spread the love

കോഴിക്കോട് താമരശ്ശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ നിർണായക തെളിവ് കണ്ടെത്തി. ഷഹബാസിന്റെ തലയ്ക്കടിച്ച നഞ്ചക്കാണ് പൊലീസ് കണ്ടെടുത്തത്. കേസിലെ പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ നിന്നാണ് നഞ്ചക്ക് കണ്ടെത്തിയിട്ടുള്ളത്. പ്രതികളുടെ വീട്ടിൽ നിന്നും 4 മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും കണ്ടെത്തി.

കട്ടിയേറിയ ആയുധം കൊണ്ടുള്ള അടിയിൽ തലയ്ക്കേറ്റ ക്ഷതമാണ് ഷഹബാസിന്റെ മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആക്രമണത്തിൽ ഷഹബാസിന്റെ വലതു ചെവിയുടെ മുകൾഭാഗത്തെ തലയോട്ടി തകർന്നു.

കൃത്യത്തിൽ പങ്കെടുത്ത 5 വിദ്യാർത്ഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി.ജൂവനിൽ ജെസ്റ്റിസ് ബോർഡിനു മുൻപാകെ ഹാജരാക്കിയ വിദ്യാർത്ഥികളെ വെള്ളിമാട് കുന്നിലെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. എങ്കിലും ഇവർക്ക് ഈ വർഷത്തെ SSLC പരീക്ഷ എഴുതാനാകും. സംഘർഷത്തിൽ മുതിർന്നവർക്കും പങ്കുണ്ടെന്ന് മുഹമ്മദ് ഷഹബാസിന്റെ കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. തുടർന്ന് ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ഷഹബാസിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിക്കുകയായിരുന്നു. തലച്ചോറിൽ 70 %ക്ഷതമേറ്റതിനാൽ വീട്ടിലേറ്ററിന്റെ സഹായത്തോടെയായിരുന്നു വിദ്യാർത്ഥി ജീവൻ നിലനിർത്തിയിരുന്നത്. പിന്നീട് വെള്ളിയാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.