ഷഹബാസിന്റെ കൊലപാതകം: കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കാന്‍ പൊലീസ്
കോഴിക്കോട് താമരശ്ശേരിയിലെ മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കാന്‍ പൊലീസ്. ഷഹബാസിന്റേയും പ്രതികളുടേയും മാതാപിതാക്കള്‍, സുഹൃത്തുകള്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തും. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. സംഘര്‍ഷത്തില്‍ മുതിര്‍ന്നവര്‍ക്കും പങ്കുണ്ടെന്ന് മുഹമ്മദ് ഷഹബാസിന്റെ കുടുംബം ആരോപിച്ചിരുന്നു.
കൃത്യത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. വിദ്യാര്‍ത്ഥികളുടെ കൈവശം ആയുധം എത്തിയത് എങ്ങനെ എന്നതുള്‍പ്പെടെ പോലീസ് പരിശോധിക്കുകയാണ്. കൃത്യത്തില്‍ പങ്കെടുത്ത 5 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. ജൂവനില്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്‍പാകെ ഹാജരാക്കിയ വിദ്യാര്‍ത്ഥികളെ വെള്ളിമാട് കുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി. എങ്കിലും ഇവര്‍ക്ക് ഈ വര്‍ഷത്തെ SSLC പരീക്ഷ എഴുതാനാകും.മുഹമ്മദ് ഷഹബാസിനേറ്റത് ക്രൂരമര്‍ദ്ദനമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ആക്രമണത്തില്‍ ഷഹബാസിന്റെ തലയോട്ടി തകര്‍ന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മുഹമ്മദ് ഷഹബാസ് കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയാണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസുകാരുടെ ഫെയര്‍വെല്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. തര്‍ക്കത്തിന്റെ തുടര്‍ച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയത്.തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷഹബാസിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിക്കുകയായിരുന്നു.