KeralaTop News

വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതി; നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് യുവതി

Spread the love

കാസര്‍ഗോഡ് കാഞ്ഞങ്ങാട് വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ കോടതിയെ സമീപിച്ച് യുവതി. ഭര്‍തൃവീട്ടില്‍ അനുഭവിച്ച പീഡനത്തിന് നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി. അബ്ദുള്‍ റസാഖ് കൈക്കലാക്കിയ 20 പവന്‍ സ്വര്‍ണ്ണം തിരികെ നല്‍കണമെന്നും ജീവനാംശം നല്‍കണമെന്നുമാണ് ആവശ്യം. യുവതിയുടെ മൊഴി പൊലീസ് ഇന്ന് വീണ്ടും രേഖപ്പെടുത്തും.

കഴിഞ്ഞ മൂന്നു വര്‍ഷമായി പെണ്‍കുട്ടിയെ സഹിക്കുകയാണെന്നും, ഇനി മുന്നോട്ടുപോകില്ലെന്നുമാണ് വാട്‌സ്ആപ്പ് സന്ദേശം. കുട്ടിയുമായുള്ള ബന്ധം മുത്തലാഖ് ചൊല്ലി അവസാനിപ്പിക്കുകയാണെന്നും ഭര്‍ത്താവ് അബ്ദുള്‍ റസാക്ക് പെണ്‍കുട്ടിയുടെ പിതാവിന് അയച്ച വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുകയായിരുന്നു. 2022 ഓഗസ്റ്റ് എട്ടിനാണ് കല്ലുരാവി സ്വദേശിയായ 21കാരിയും, അബ്ദുള്‍ റസാക്കും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വിവാഹത്തിന് അബ്ദുള്‍ റസാക്കിന്റെ കുടുംബം 50 പവന്‍ സ്വര്‍ണം സ്ത്രീധനമായി ചോദിച്ചെന്നും എന്നാല്‍ 20 പവന്‍ സ്വര്‍ണം മാത്രമാണ് നല്‍കാന്‍ കഴിഞ്ഞതെന്നും പെണ്‍കുട്ടി പറയുന്നു. സ്വര്‍ണ്ണം കുറഞ്ഞു പോയെന്ന് ചൂണ്ടിക്കാട്ടി വിവാഹം കഴിഞ്ഞത് മുതല്‍ ഭര്‍തൃവീട്ടില്‍ പീഡനം നടന്നു. ദിവസങ്ങളോളം പട്ടിണികിട്ടെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയിലുണ്ട്.

സ്ത്രീധനത്തിന്റെ പേരില്‍ അബ്ദുള്‍ റസാക്കിന്റെ മാതാവും, സഹോദരിമാരും മകളെ പീഡിപ്പിച്ചെന്ന് കുട്ടിയുടെ പിതാവും പറയുന്നുണ്ട്. 2019ലെ മുസ്ലിം സ്ത്രീ വിവാഹ സംരക്ഷണ നിയമം നിലവില്‍ വന്നതിനു ശേഷം ജില്ലയില്‍ ലഭിക്കുന്ന ആദ്യ പരാതിയാണിത്.