KeralaTop News

കണ്ണൂരില്‍ കര്‍ഷകനെ ആക്രമിച്ച കാട്ടുപന്നിയെ നാട്ടുകാര്‍ കൊന്നു

Spread the love

കണ്ണൂര്‍ പാനൂരില്‍ കര്‍ഷകനെ ആക്രമിച്ച കാട്ടുപന്നിയെ നാട്ടുകാര്‍ കൊന്നു. കര്‍ഷകന്‍ കൊല്ലപ്പെട്ടയിടത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാറിയാണ് കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തിയിട്ടുള്ളത്. നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നുവെന്നാണ് വിവരം. ഇതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്ത് വന്നിട്ടുണ്ട്. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കൃഷിയിടങ്ങളില്‍ ഇറങ്ങി വിള നശിപ്പിക്കുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ മുന്‍പ് ഒരിക്കലും ആളുകളെ ഇത്തരത്തില്‍ പന്നി ആക്രമിച്ചിരുന്നില്ല. വിഷയത്തില്‍ പരാതികളൊന്നും ഇതുവരെ ലഭിച്ചിരുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.

കണ്ണൂര്‍ മുതിയങ്ങ വയലിലാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടത്. പാനൂര്‍ വള്ള്യായി സ്വദേശി ശ്രീധരനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

കണ്ണൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടത് ദുഃഖകരമായ സംഭവമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. കുടുംബത്തിന് നിയമപരമായ എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നതടക്കം റിപ്പോര്‍ട്ട് വന്നതിന് ശേഷം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.