KeralaTop News

തരൂരിനെ അനുനയിപ്പിക്കാൻ എല്ലാരും ഒന്നിച്ചു, രോ​ഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും

Spread the love

ശശി തരൂര്‍ സ്വയം തിരുത്തുകയാണ്. ലേഖന വിവാദവും ഇന്ത്യന്‍ എക്‌സ്പ്രസിന്റെ അഭിമുഖവും എല്ലാം തരൂര്‍ സ്വയം തിരുത്തുന്ന തിരക്കിലാണ്. കേരളത്തിലെ വ്യവസായ വളര്‍ച്ചയെ പ്രകീര്‍ത്തിച്ചായിരുന്നു തരൂരിന്റെ ലേഖനം. ഇത് സി പി ഐ എം ശരിക്കും ആഘോഷിച്ചു. കേരളത്തിലെ സാഹചര്യം വ്യവസായ വളര്‍ച്ചയ്ക്ക് പറ്റുന്നതല്ലെന്ന ആരോപണങ്ങള്‍ യു ഡി എഫ് തുടര്‍ച്ചയായി ഉന്നയിക്കുന്നതിനടിയിലായിരുന്നു തരൂരിന്റെ ലേഖനം ഭരണകക്ഷിക്ക് പിടിവള്ളിയായി മാറുന്നത്.

തരൂര്‍ സി പി ഐ എമ്മിന് നല്‍കിയ ആശ്വാസം ചില്ലറയായിരുന്നില്ല. തന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ലേഖനമെന്നായിരുന്നു തരൂര്‍ പ്രതികരിച്ചത്. താന്‍ ലേഖനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി തരൂര്‍ ആവര്‍ത്തിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധത്തിലായി. തരൂര്‍ വിശ്വപൗരനാണെന്നും, വിപ്ലവകാരിയാണെന്നുമായിരുന്നു സി പി ഐ എം നേതാക്കളുടെ പ്രതികരണം. തരൂരിനെ വാനോളം പുകഴ്ത്തി സി പി ഐ എം നേതാക്കള്‍ രംഗത്തെത്തിയതും, ഡി വൈ വൈ എഫ് ഐ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവിലേക്ക് തരൂരിനെ ഡല്‍ഹിയിലെത്തി ക്ഷണിച്ചതും വലിയ വാര്‍ത്താ പ്രാധാന്യമാണ് ഉണ്ടാക്കിയത്.

ഇതിനിടയിലാണ് കേരളത്തില്‍ നയിക്കാന്‍ ശക്തരായ നേതാക്കളില്ലെന്നമട്ടിലുള്ള തരൂരിന്റെ അഭിമുഖവും പുറത്തുവന്നത്. ഇതോടെ തരൂര്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തേക്ക് എന്ന നിലയിലുള്ള വാര്‍ത്തകളും അഭിപ്രായ പ്രകടനങ്ങളും പുറത്തുവന്നു. പാര്‍ട്ടി തന്നെ ഉപയോഗിച്ചില്ലെങ്കില്‍ മറ്റു വഴിതേടുമെന്ന പ്രയോഗമാണ് വിവാദങ്ങളിലേക്ക് വഴിതുറന്നത്. കേരളത്തില്‍ ജനപിന്തുണ തനിക്കാണ് കൂടുതലെന്നും, താന്‍ മുഖ്യമന്ത്രിയാവുന്നതാണ് ജനങ്ങളുടെ പ്രതീക്ഷയെന്നുമായിരുന്നു തരൂരിന്റെ മറ്റും അഭിപ്രായപ്രകടനങ്ങള്‍.

ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയതിനുശേഷവും തരൂര്‍ വിമത നിലപാട് തുടര്‍ന്നു. ഇതിനിടയിലാണ് കേരളത്തില്‍ നേതൃമാറ്റമെന്ന വാര്‍ത്തവരുന്നത്. കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയേക്കുമെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത. കേരളത്തിലെ കോണ്‍ഗ്രസും യു ഡി എഫും കടുത്ത പ്രതിരോധത്തിലായി. തരൂര്‍ സി പി ഐ എം പാളയത്തിലേക്ക് വഴിമാറുമോ എന്നുപോലും യു ഡി എഫ് ഘടകകക്ഷി നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു.

ഇതിനിടയിലാണ് ഹൈക്കമാന്‍ഡ് കേരള നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതും തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തതും. യോഗത്തില്‍ എ ഐ സി സി നിര്‍ഹാവകസമിതി അംഗമെന്ന നിലയില്‍ തരൂരും പങ്കെടുത്തിരുന്നു. ഒരു നേതാവിനേയും മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുന്ന പതിന് കോണ്‍ഗ്രസിനില്ലെന്നും, പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുകയാണ് നേതാക്കളുടെ ചുമതലയെന്നും മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ പ്രതിരോധിക്കുന്ന നിലപാട് ആരും ക്കൈകൊള്ളരുതെന്നും, പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നിലപാട് സ്വീകരിച്ചാല്‍ എത്ര ഉന്നതനായാലും കടുത്ത നടപടി സ്വീകരിക്കേണ്ടിവരുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിന് ശേഷമാണ് തരൂരിന് മാനസാന്തരമുണ്ടായിരിക്കുന്നത്. തരൂര്‍ ഉയര്‍ത്തിവിട്ട വിവാദങ്ങളെല്ലാം മാധ്യമങ്ങള്‍ വളച്ചൊടിച്ച് ഉണ്ടാക്കിയതാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുകയാണ്. അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും ശരിയല്ലെന്നാണ് തരൂര്‍ വ്യക്തമാക്കുന്നത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചുവെന്ന് തരൂര്‍ വ്യക്തമാക്കിയിരുന്നു. തന്നെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്നതായിരുന്നു പുറത്തുവന്ന പോഡ്കാസ്റ്റ്, റീച്ചുകിട്ടാനായി നടത്തിയ ശ്രമങ്ങളാണിതെന്നും തരൂര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ കേരള സര്‍ക്കാരിന്റെ വ്യവസായ വളര്‍ച്ചയെല്ലാം കേവലം സര്‍ക്കാരിന്റെ അവകാശവാദങ്ങളായിരുന്നുവെന്നാണ് തരൂര്‍ വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസിനെ നയിക്കാന്‍ കേരളത്തില്‍ നേതാക്കളില്ലെന്നുള്ള തരൂരിന്റെ അഭിപ്രായ പ്രകടനം വന്‍വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. തരൂരിന്റെ ആരോപണത്തിന് വ്യക്തമായ മറുപടിയാണ് രാഹുല്‍ ഗാന്ധി നല്‍കിയത്. കോണ്‍ഗ്രസിന് ഏറ്റവും പ്രഗല്‍ഭരായ നേതാക്കള്‍ ഉള്ളത് കേരളത്തിലാണെന്നായിരുന്നു ഡല്‍ഹി യോഗത്തില്‍ രാഹുല്‍ഗാന്ധി പറഞ്ഞത്. കേരളത്തില്‍ അധികാരം പിടിക്കാന്‍ എല്ലാ നേതാക്കളും ഒരു വര്‍ഷക്കാലം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും, നേതാക്കള്‍ വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുതെന്നും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഡോ. ശശി തരൂര്‍ നേതൃത്വത്തിന് വഴങ്ങാനും തന്റെ മുന്‍ നിലപാടുകള്‍ തിരുത്താനും തയ്യാറായത്. തരൂര്‍ ഇത്രപെട്ടെന്ന് നേതൃത്വത്തിന് വഴങ്ങുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. തരൂര്‍ പിന്‍വാങ്ങുന്നത് എന്തിനാണെന്ന ചോദ്യമാണ് ചില കോണുകളില്‍ നിന്നും ഉയരുന്നത്.