NationalTop News

കുട്ടിയും തെറ്റായി പെരുമാറി’; ലൈംഗിക അതിക്രമത്തിന് ഇരയായ മൂന്ന് വയസുകാരിയെക്കുറിച്ച് മോശം പരാമര്‍ശം; തമിഴ്‌നാട്ടിലെ കളക്ടര്‍ക്കെതിരെ നടപടി

Spread the love

ലൈംഗിക അതിക്രമം നേരിട്ട മൂന്ന് വയസുകാരിയെ കുറ്റപ്പെടുത്തുന്ന വിധത്തില്‍ മോശം പരാമര്‍ശം നടത്തിയ തിഴ്‌നാട്ടിലെ ജില്ലാ കളക്ടര്‍ക്കെതിരെ നടപടി. മയിലാടുതുറൈ ജില്ലാ കളക്ടറായ എ പി മഹാഭാരതിയെ തമിഴ്‌നാട് സര്‍ക്കാര്‍ സ്ഥലംമാറ്റി. മഹാഭാരതിയ്‌ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ അതിശക്തമായ രോഷമുയര്‍ന്നതിന് പിന്നാലെയാണ് നടപടി.

തമിഴ്‌നാട്ടില്‍ നടന്ന ഒരു ബോധവത്കരണ പരിപാടിയ്ക്കിടെയാണ് മഹാഭാരതി പോക്‌സോ ഇരയ്‌ക്കെതിരെ ഗുരുതര സ്വഭാവമുള്ള പരാമര്‍ശം നടത്തിയത്. പോക്‌സോ കേസിന് ഉള്‍പ്പെടെ രണ്ട് വശങ്ങളുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ഇയാള്‍ കുഞ്ഞിനെതിരെ പരാമര്‍ശം നടത്തിയത്. കുഞ്ഞിനെതിരെ നടന്ന ലൈംഗിക അതിക്രമക്കേസിന്റെ റിപ്പോര്‍ട്ട് താന്‍ കണ്ടതാണെന്നും കുഞ്ഞ് പ്രതിയുടെ മുഖത്ത് തുപ്പിയതായി റിപ്പോര്‍ട്ടില്‍ താന്‍ കണ്ടെന്നും മഹാഭാരതി വലിയ ഒരു സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. തെറ്റായ രീതിയില്‍ ഈ മൂന്നര വയസുകാരി പെരുമാറിയതാണ് ലൈംഗിക അതിക്രമത്തിന് പ്രതിയ്ക്ക് പ്രേരണയായതെന്നും ഇത് ഈ കേസിന്റെ മറ്റൊരു വശമാണെന്നും എ പി മഹാഭാരതി പറഞ്ഞു. 16 വയസുകാരനാണ് തമിഴ്‌നാട്ടില്‍ മൂന്നര വയസുകാരിയ്ക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയത്.

കളക്ടറുടെ വിവാദ പ്രസംഗത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കളക്ടര്‍ക്കെതിരെ ജനരോഷം വ്യാപകമായി. ഇങ്ങനെ യാതൊരു ആലോചനയുമില്ലാതെ പൊതുവേദിയില്‍ ലൈംഗിക അതിക്രമത്തിന് ഇരയായ കുഞ്ഞിനെക്കുറിച്ച് പറയാന്‍ ഒരു ഉന്നത ഉദ്യോഗസ്ഥന് കഴിയുന്നത് എങ്ങനെയാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നു. പിന്നീടാണ് എ പി മഹാഭാരതിയ്ക്ക് സ്ഥലം മാറ്റഉത്തരവ് ലഭിക്കുന്നത്. എങ്ങോട്ടാണ് സ്ഥലംമാറ്റമെന്നോ എന്താണ് പുതിയ ചുമതലയെന്നോ ഉത്തരവില്‍ സൂചിപ്പിച്ചിട്ടില്ല.