Saturday, March 1, 2025
Latest:
KeralaTop News

‘ഉശിരാർന്ന സമരങ്ങൾ നടത്തിയ DYFIയുടെ വേറൊരു കാഴ്ചയാണ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ’; മുഖ്യമന്ത്രി

Spread the love

കേരളത്തിൻ്റെ മാറ്റമാണ് DYFIയുടെ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ചിന്തകളിൽ ഏത് തരത്തിൽ മാറ്റം വരുന്നു എന്നതിൻ്റെ തെളിവ് കൂടിയാണിത്. ഉശിരാർന്ന സമരങ്ങൾ നടത്തിയ DYFIയുടെ ഇത്തരമൊരു പരിപാടി വേറൊരു കാഴ്ചയാണ്. DYFI യുടെ വേറിട്ട പ്രവർത്തനത്തിൻ്റെ ഉദാത്ത മാതൃകയാണ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ. മാധ്യമങ്ങൾ അപഥ സഞ്ചാരത്തിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നെഗറ്റീവ് ആയ കാര്യങ്ങൾക്ക് ഏറെ പ്രാധാന്യം കിട്ടുന്നു.

നല്ല കാര്യങ്ങൾ പ്രചരിപ്പിക്കുക എന്ന ധർമ്മം ഏറ്റെടുക്കേണ്ട മാധ്യമങ്ങൾ അപഥ സഞ്ചാരം നടത്തുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റ് – മവാസോ 2025 ന് ഇന്ന് തുടക്കമായി. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു.

യുവതി-യുവാക്കളുടെ സംരംഭക ആശയങ്ങൾക്ക് കുടുതൽ അവസരങ്ങൾ നൽകുക എന്ന ഉദ്ദേശത്തോടെയാണ് ഡിവൈഎഫ്ഐ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പുത്തൻ സംരംഭക ആശയങ്ങള്‍ അവതരിപ്പിക്കാനും, സമാന ചിന്താഗതിയുള്ളവരുമായി സൗഹൃദം സ്ഥാപിക്കാനും മവാസോയിലൂടെ സാധിക്കും.

അതേസമയം കേരളത്തിലെ സ്ത്രീ പോരാട്ടങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. സ്ത്രീകൾക്ക് നൽകുന്ന മാന്യത എഴുത്തുകളിലും ചർച്ചകളിലും മാത്രം ഒതുങ്ങിനിൽക്കുന്നു. സംസ്ഥാന വനിതാ വികസന കോർപറേഷൻ വഴി ഒന്നരലക്ഷം പേർക്ക് സ്വയംപര്യാപ്തത നേടിക്കൊടുത്തു. സ്ത്രീകൾക്ക് നേരെ കുറ്റം ചെയ്യുന്നവർ എത്ര ഉന്നതർ ആയാലും ശിക്ഷിക്കപ്പെടും എന്ന സാഹചര്യം ഉണ്ടായി. അതിൽ മുഖ്യമന്ത്രി വനിതാ കമ്മീഷനെ അഭിനന്ദിച്ചു.