തലച്ചോറിലേക്കുള്ള ഞരമ്പുകളെയടക്കം ബാധിച്ചു’; ഒറ്റപ്പാലത്ത് സഹപാഠിയുടെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരമെന്ന് രക്ഷിതാക്കള്‍
പാലക്കാട് ഒറ്റപ്പാലം വിദ്യാധിരാജ ഐടിഐയിലെ വിദ്യാര്‍ത്ഥിക്ക് സഹപാഠിയില്‍ നിന്ന് നേരിടേണ്ടി വന്നത് അതിക്രൂരമര്‍ദ്ദനം എന്ന് രക്ഷിതാക്കള്‍.
മൂക്കിനേറ്റ ഇടയില്‍ മൂക്കിന്റെ പാലം രണ്ടര സെന്റീമീറ്റര്‍ അകത്തേക്ക് പോയി. കണ്ണിനും മൂക്കിനോടും ചേര്‍ന്ന ഭാഗം പൂര്‍ണമായും തകര്‍ന്നു. കുട്ടിയുടെ തലച്ചോറിലേക്കുള്ള ഞരമ്പുകളെ അടക്കം ബാധിച്ചു. കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരം എന്നും കുടുംബം വ്യക്തമാക്കി. തമ്പോല ടീം നേരിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുട്ടിയെ നേരത്തെ ആക്രമിക്കുന്നത് പതിവായിരുന്നു എന്ന് കുടുംബം ആരോപിച്ചു. ചോദ്യം ചെയ്താല്‍ തമ്പോല ടീമിനെ കൊണ്ട് പുറത്തുവച്ച് കൈകാര്യം ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും രക്ഷിതാക്കള്‍ പറയുന്നു. തമ്പോല ടീം എന്ന ഗ്യാങ്ങിന് ഒപ്പം നിന്നായിരുന്നു പ്രതിയുടെ പ്രവര്‍ത്തനം.
സാജന്‍ എന്ന വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. സഹപാഠി കിഷോറാണ് സാജനെ ആക്രമിച്ചത്. ക്ലാസ് മുറിയില്‍ വെച്ച് യാതൊരു പ്രകോപനവും ഇല്ലാതെ സാജനെ കിഷോര്‍ മര്‍ദ്ദിക്കുകയായിരുന്നു എന്ന് എഫ്‌ഐആറില്‍ പറയുന്നു. സാജന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കിഷോറിനെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
കിഷോര്‍ സാജനെ പിറകിലൂടെ വന്ന് കഴുത്തു ഞെരിക്കുകയും സ്വകാര്യ ഭാഗങ്ങളിലടക്കം മര്‍ദ്ദിക്കുകയും ചെയ്തു എന്നതാണ് പിതാവ് അഡ്വ. ജയചന്ദ്രന്റെ പരാതി. ഒരു മുന്‍വൈരാഗ്യങ്ങളും ഇല്ലാതെയായിരുന്നു അക്രമം. സാജന്റെ ശസ്ത്രക്രിയ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്നലെയാണ് പൂര്‍ത്തിയാക്കിയതെന്നും പിതാവ് വ്യക്തമാക്കി.