അമേരിക്കയുടെ സഹായം നിലച്ചു; രാജ്യത്തെ ആദ്യ മൂന്ന് ട്രാൻസ്ജെൻ്റർ ക്ലിനിക്കുകൾ പ്രവർത്തനം നിർത്തി
യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് (യുഎസ്എഐഡി) ധനസഹായത്തോടെ പ്രവർത്തിച്ചിരുന്ന ഇന്ത്യയിലെ ആദ്യത്തെ മൂന്ന് ട്രാൻസ്ജെൻഡർ ക്ലിനിക്കുകൾ അടച്ചുപൂട്ടി. ഹൈദരാബാദ്, കല്യാൺ, പുനെ എന്നിവിടങ്ങളിലുള്ള ക്ലിനിക്കുകളാണ് അടച്ചുപൂട്ടിയത്. 5,000 പേർക്ക് സേവനം ലഭിച്ചിരുന്ന ചികിത്സാ കേന്ദ്രങ്ങളാണ് പ്രവർത്തനം അവസാനിപ്പിച്ചത്.
വിദേശത്തേക്ക് ധനസഹായം നൽകുന്ന എല്ലാ പദ്ധതികളും അമേരിക്ക ഫസ്റ്റ് നയത്തിൻ്റെ ഭാഗമായി പുനരവലോകനത്തിന് വിധേയമാക്കണമെന്ന ഡോണൾഡ് ട്രംപിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ ക്ലിനിക്കുകൾ പ്രവർത്തനം നിർത്തിയത്. ഇന്ത്യയിൽ യുഎസ്എഐഡി 21 മില്യൺ ഡോളർ വോട്ടെടുപ്പിൻ്റെ വർധനയ്ക്കായി ചെലവഴിക്കുന്ന കാര്യത്തിൽ ട്രംപ് ആവർത്തിച്ച് വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ ഏജൻസി വഴി സഹായം ലഭിച്ചിരുന്ന ക്ലിനിക്കുകളും പൂട്ടിയത്. ഹോർമോൺ തെറാപ്പിയെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശവും മരുന്നും, മാനസികാരോഗ്യം, എച്ച്ഐവി, മറ്റ് ലൈംഗിക രോഗങ്ങളെ കുറിച്ചുള്ള കൗൺസിലിംഗ്, നിയമ സഹായം ഉൾപ്പടെ സേവനങ്ങളാണ് മറ്റ് പൊതുവായ ചികിത്സയ്ക്ക് പുറമെ ഈ ക്ലിനിക്കുകളിൽ നിന്നും നൽകിയിരുന്നത്.
ഇവയിൽ ഭൂരിഭാഗവും ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്നുള്ള ഡോക്ടർമാരും കൗൺസിലർമാരും മറ്റ് തൊഴിലാളികളും നടത്തുന്നതും 5,000 പേർക്ക് വരെ സേവനം നൽകുന്നതുമാണ്. അതേസമയം ട്രംപിന്റെ സഖ്യകക്ഷിയായ എലോൺ മസ്കും റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കെന്നഡിയും ട്രാൻസ്ജെൻഡർ ഫണ്ടിംഗിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. എങ്കിലും എച്ച്ഐവി ബാധിതർക്ക് ആന്റി റിട്രോവൈറൽ മരുന്നുകൾ നൽകുന്നത് ഉൾപ്പെടെ ചില ജീവൻ രക്ഷാ പ്രവർത്തനങ്ങൾ തുടരുന്നതിന് ക്ലിനിക്കുകളുടെ സംഘാടകർക്ക് യുഎസ്എഐഡിയിൽ നിന്ന് ഇളവ് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. മൂന്ന് ക്ലിനിക്കുകളെയും ആശ്രയിച്ചിരുന്നവരിൽ പത്ത് ശതമാനം പേർക്ക് എച്ച്ഐവി ബാധയുണ്ടായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.