Saturday, March 1, 2025
Latest:
NationalTop News

ആശ പ്രവർത്തകർക്ക്, ഗ്രാറ്റുവിറ്റി, ശമ്പളത്തോടെ പ്രസവാവധി, വിരമിക്കൽ പ്രായം വർധിപ്പിച്ചു: വമ്പൻ തീരുമാനവുമായി ആന്ധ്ര സർക്കാർ

Spread the love

ആന്ധ്രപ്രദേശിൽ ആശ പ്രവർത്തകർക്ക് വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിൽ സംസ്ഥാനം ഭരിക്കുന്ന എൻഡിഎ സർക്കാർ. സംസ്ഥാനത്തെ ആശ വർക്കേർസിന് ഗ്രാറ്റുവിറ്റി, ശമ്പളത്തോടെയുള്ള പ്രസവാവധിയും അനുവദിച്ചതിനൊപ്പം വിരമിക്കൽ പ്രായം ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ ആനുകൂല്യങ്ങൾക്കായി സെക്രട്ടേറിയേറ്റ് പടിക്കൽ 20 ദിവസമായി സമരം ചെയ്യുന്ന ആശ വർക്കർമാരോട് സംസ്ഥാന സർക്കാർ മുഖം തിരിക്കുമ്പോഴാണ് ആന്ധ്രയിൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്.

30 വർഷത്തെ സേവനം അനുഷ്ഠിക്കുന്ന ഓരോ ആശ പ്രവർത്തകർക്കും 1.50 ലക്ഷം രൂപ ഗ്രാറ്റുവിറ്റി ഇനത്തിൽ ലഭിക്കുമെന്നാണ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിൻ്റെ പ്രഖ്യാപനം. ആദ്യ രണ്ട് പ്രസവങ്ങൾക്ക് 180 ദിവസത്തെ ശമ്പളത്തോടു കൂടിയ പ്രസവാവധി അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം ആശാ വർക്കർമാരുടെ വിരമിക്കൽ പ്രായം 60 ൽ നിന്ന് 62 ആയി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 42,752 തൊഴിലാളികൾക്ക് തീരുമാനത്തിൻ്റെ ഗുണഫലം ലഭിക്കുമെന്നാണ് ഔദ്യോഗിക വാർത്താക്കുറിപ്പിൽ സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് പടിക്കൽ സംസ്ഥാനത്തെ ആശ വർക്കർമാരുടെ സമരം 20ാം ദിവസത്തിലേക്ക് കടന്നിട്ടും ചർച്ചയ്ക്ക് പോലും തയ്യാറാകാതെ നിഷേധ സമീപനം തുടരുകയാണ് കേരളത്തിലെ സർക്കാർ. ആശ പൂർണമായും കേന്ദ്ര പദ്ധതിയാണെന്നും സംസ്ഥാനത്തെ ആശ വർക്കർമാർക്കാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നതെന്നുമാണ് സംസ്ഥാന സർക്കാരും ഇടത് നേതാക്കളും ആവർത്തിച്ച് പറയുന്നത്. വേതനം 21000 രൂപയാക്കുക, നിശ്ചിത വേതനം നൽകുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാനത്ത് ആശ വർക്കർമാരുടെ സമരം നടക്കുന്നത്. എന്നാൽ സമരം തുടങ്ങിയതിന് പിന്നാലെ ആശ വർക്കാർമാരുടെ മൂന്ന് മാസത്തെ പ്രതിഫല കുടിശികയും ഇൻസെൻ്റീവ് കുടിശികയും സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു.