KeralaTop News

ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസ്സുകാരുടെ ‘ഫെയർ വെൽ’ ആഘോഷം; താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി, ഒരാളുടെ നില ഗുരുതരം

Spread the love

താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരന് ഗുരുതര പരുക്ക്. തലയ്ക്ക് ക്ഷതമേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിലാണ്. താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിൽ പത്താം ക്ലാസ്സുകാരുടെ ഫെയർവെൽ നടന്നിരുന്നു.
എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ഡാൻസ് കളിക്കുന്നതിനിടെ മൊബൈൽ ഫോൺ ഓഫ് ആകുകയും കളി പൂർത്തിയാക്കാൻ കഴിയാതെവരികയും ചെയ്തു. ഈ വേളയിൽ താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ കൂകി വിളിച്ചു. ഇതോടെ വാക്കേറ്റവും സംഘർഷവും ഉണ്ടായി. അധ്യാപകർ ഇടപെട്ട് പരിപാടി അവസാനിപ്പിച്ച് എല്ലാവരെയും പിരിച്ചു വിട്ടു. പിന്നീട് എം ജെ സ്കൂളിലെ വിദ്യാർത്ഥികൾ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും താമരശ്ശേരി സ്കൂളിലെ കുട്ടികൾക്ക് തിരിച്ചടി നൽകാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

തുടർന്ന് വ്യാഴാഴ്ച വൈകിട്ട് ട്യൂഷൻ സെന്ററിന് സമീപത്ത് വച്ചായിരുന്നു സംഘർഷം. സംഘർഷത്തിൽ എം ജെ സ്കൂളിലെ വിദ്യാർത്ഥിയും താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇഖ്ബാലിന്റെ മകനുമായ മുഹമ്മദ് ശഹബാസിന് ആണ് പരുക്കേറ്റത്.

അതേസമയം, ഈ ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥി അല്ലാത്ത ഷഹബാസിനെ, കൂട്ടുകാർ ചേർന്ന് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. തലച്ചോറിന് 70% ക്ഷതമേറ്റ കുട്ടി കോമയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. സംഭവത്തിൽ നാല് വിദ്യാർത്ഥികളെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.