NationalTop News

യുപിയും ബിഹാറും ഹിന്ദി ഹൃദയഭൂമിയല്ല, തമിഴ്നാട് ചെറുത്തുനിന്ന് വിജയം നേടുമെന്ന് എം കെ സ്റ്റാലിൻ

Spread the love

കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. തമിഴ്നാട്ടിലെ ലോക്സഭ സീറ്റ് വെട്ടികുറയ്ക്കാനുള്ള കേന്ദ്രനീക്കം തുറന്നുകാട്ടും. കേന്ദ്രമന്ത്രിമാരുടെ പ്രസ്താവനയിൽ കഴമ്പില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ സീറ്റ് കൂട്ടില്ലെന്ന ഉറപ്പ് കേന്ദ്രം നൽകാത്തത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു.

ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മാത്രം ലോക്സഭ സീറ്റ് നിർണയിക്കരുത്. ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയ തെക്കേയിന്ത്യൻ സംസ്ഥാനങ്ങളെ ശിക്ഷിക്കരുത്. തമിഴ്നാട് ചെറുത്തുനിന്ന് വിജയം നേടുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.

ഹിന്ദി അടിച്ചേൽപ്പിച്ചത് മൂലം ഉത്തരേന്ത്യയിലെ 25 പ്രാദേശിക ഭാഷകൾ ഇല്ലാതായെന്ന് സ്റ്റാലിൻ എക്‌സിൽ കുറിച്ചു. ഉത്തർപ്രദേശിലും ബിഹാറിലുമൊന്നും ഹിന്ദി മാതൃഭാഷയായിരുന്നില്ല. അവരുടെ യഥാർഥ ഭാഷകൾ ഇപ്പോൾ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങളാണെന്നും സ്റ്റാലിൻ ആരോപിച്ചു.

യുപിയും ബിഹാറും ഹിന്ദി ഹൃദയഭൂമിയല്ല. ഭോജ്പൂരി, മൈഥിലി, അവധി, ബ്രാജ്, ബുന്ദേയി, ഗർവാലി, കുമനോയ് മാർവാടി തുടങ്ങിയ നിരവധി ഉത്തരേന്ത്യൻ ഭാഷകളെ ഹിന്ദി വിഴുങ്ങി. ഹിന്ദിയെന്ന ഒറ്റ ഭാഷ അടിച്ചേൽപ്പിച്ചത് മൂലം മറ്റു മാതൃഭാഷകൾ നശിക്കുകയായിരുന്നു എന്നും സ്റ്റാലിൻ എക്‌സിൽ കുറിച്ചു.

ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നാണ് സ്റ്റാലിൻ ആരോപിക്കുന്നത്. കേന്ദ്രം 10,000 കോടി രൂപ ഫണ്ട് നൽകാമെന്ന് പറഞ്ഞാലും ദേശീയ വിദ്യാഭ്യാസ നയം തമിഴ്‌നാട്ടിൽ നടപ്പാക്കില്ല.

വിദ്യാർഥികളുടെ ഭാവിയിലും സാമൂഹിക നീതിയിലും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന മറ്റു നിരവധി ഘടകങ്ങൾ ഇതിലുണ്ട്. ഒരു ഭാഷയേയും തങ്ങൾ എതിർക്കുന്നില്ല. പക്ഷേ അത് അടിച്ചേൽപ്പിക്കുന്നതിനെ തങ്ങൾ എതിർക്കുമെന്നും സ്റ്റാലിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം ഹിന്ദിയോടുള്ള എതിർപ്പിനെതിരെ തമിഴ്നാട് ഗവർണർ രംഗത്തെത്തി. തെക്കൻ തമിഴ്നാട്ടിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ ഗവർണർ ആർ എൻ രവി കണ്ടു. ദ്വിഭാഷ പദ്ധതി കാരണം അവസരങ്ങൾ കുറയുന്നതായി കുട്ടികൾ പറഞ്ഞെന്ന് ഗവർണർ പറഞ്ഞു.

മറ്റു തെക്കേയിന്ത്യൻ ഭാഷകൾ പോലും പഠിക്കാൻ അനുവദിക്കുന്നില്ലെന്നും പരാതിപ്പെട്ടു. ഇഷ്ടമുള്ള ഭാഷ പഠിക്കാൻ കുട്ടികളെ അനുവദിക്കണമെന്നും ഗവർണർ വ്യക്തമാക്കി.