KeralaTop News

പ്രിൻസിപ്പൽ കൃഷി ഓഫീസിലെ ജീവനക്കാരിയുടെ ആത്മഹത്യ ശ്രമം; ആരോപണ വിധേയനെ പിന്തുണച്ച് ജോയിന്റ് കൗൺസിൽ

Spread the love

വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിലെ ജീവനക്കാരിയുടെ ആത്മഹത്യ ശ്രമത്തിൽ ആരോപണ വിധേയനായ നേതാവിനെ പിന്തുണച്ചും ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരിയെ തള്ളിപ്പറഞ്ഞും ജോയിന്റ് കൗൺസിൽ. കൃഷി ഓഫീസിലെ ജീവനക്കാരനും ജോയിന്റ് കൗൺസിൽ മേഖല സെക്രട്ടറിയുമായ പ്രജിത്തിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതം എന്ന് സംഘടനയുടെ വാർത്ത കുറിപ്പ്.

പതിമൂന്ന് വർഷമായി ഒരു ഓഫിസിൽ ജോലി ചെയ്തിരുന്ന ജീവനക്കാരിയെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി മാനദണ്ഡങ്ങൾ പാലിച്ച് ആണ് സ്ഥലം മാറ്റിയത്. ഉത്തരവ് നടപ്പിലാക്കാതിരിക്കുന്നതിനുള്ള രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങൾ മാത്രമാണെന്ന് ജോയിന്റ് കൗൺസിൽ പറയുന്നു. കൃഷി വകുപ്പിലെ ജോയിന്റ് കൗൺസിലിന്റ് അംഗ സംഘടനയായ കേരള അഗ്രീകൾചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷന്റെ പേരിൽ വ്യാജ ലെറ്റർപാഡ് ഉണ്ടാക്കിയത് സംബന്ധിച്ച് ജീവനക്കാരിക്കെതിരെ സംഘടന പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പ്രിൻസിപ്പൽ കൃഷി ഓഫീസിലും പോലീസിലും നടപടികൾ നടന്നു വരികയാണ് എന്നും ജോയിൻറ് കൗൺസിൽ വാർത്താക്കുറിപ്പിൽ പറയുന്നു.

പ്രജിത്ത് ലൈംഗിക ചുവയോടെയുള്ള സംസാരം ആവർത്തിച്ചതോടെയാണ് താൻ പരാതി നൽകിയതെന്നും ഇൻറേണൽ കംപ്ലെയിൻറ് കമ്മിറ്റിയിൽ നിന്ന് നീതിയുണ്ടായില്ലെന്നും യുവതി പറഞ്ഞു. സംഘടനാതലത്തിൽ ഉള്ള ബന്ധം മൂലം മേലുദ്യോഗസ്ഥർ പ്രജിത്തിനൊപ്പം നിൽക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും യുവതി പറഞ്ഞു. നീതി ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് തനിക്ക് ഇത്തരമൊരു കൃത്യം ചെയ്യേണ്ടി വന്നതെന്നും യുവതി വ്യക്തമാക്കി. ഇന്നലെ കലക്ട്രേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫീസ് ശുചിമുറിയിലാണ് ജീവനക്കാരിയായ യുവതി ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.