ശബരിമല: ‘പുണ്യം പൂങ്കാവനം’ ഇനി വേണ്ട, ഉത്തരവിട്ട് ഹൈക്കോടതി
ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരിൽ കോർഡിനേറ്റർ പണം പിരിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം.ആർ.അജിത് കുമാർ മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് പരിശോധിച്ച കോടതി ഉള്ളടക്കത്തിൽ നടുക്കം രേഖപ്പെടുത്തി.
റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് നിർദേശം നൽകി. പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരിൽ ഭക്തർ വഞ്ചിക്കപ്പെടരുതെന്നും, ഇതിനായി പ്രചരണം നടത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. 2011 ലാണ് ശബരിമലയിലെ ശുചീകരണത്തിന് കേരള പൊലീസിന്റെ നേതൃത്വത്തിൽ പുണ്യം പൂങ്കാവനം പദ്ധതി ആവിഷ്കരിക്കുന്നത്. പദ്ധതിക്കായി എരുമേലിയിൽ ഫണ്ട് ശേഖരിച്ചെന്ന് സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊലീസിന് കോടതി നിർദ്ദേശം നൽകിയത്. കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും വന്‍ പ്രചാരം ലഭിച്ച പദ്ധതി കഴിഞ്ഞ രണ്ടുവർഷമായി ശബരിമലയിൽ നടന്നിട്ടില്ല. സന്നിധാനത്തെ ശുചീകരണ യജ്ഞവും ബോധവൽക്കരണവുമായിരുന്നു പദ്ധതിയിലൂടെ നടപ്പാക്കിയിരുന്നത്.
അതേസമയം, പുണ്യം പൂങ്കാവനം പദ്ധതിക്ക് ബദലായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പവിത്രം ശബരിമല എന്ന പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നു. സന്നിധാനം, പമ്പ തുടങ്ങിയ പ്രദേശങ്ങളിലെ മാലിന്യം പൂർണമായി ഇല്ലാതാക്കി പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കി മാറ്റുകയാണ് പവിത്രം ശബരിമല ശുചീകരണ യജ്ഞത്തിന്‍റെ ലക്ഷ്യം.