‘വയനാട് പുനരധിവാസം തടസപ്പെടരുത്’; ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് സ്റ്റേ നല്‍കാന്‍ വിസമ്മതിച്ച് ഹൈക്കോടതി
മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം തടസപ്പെടാന്‍ പാടില്ലെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് സ്റ്റേ നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. ഏറ്റെടുക്കുന്ന ഭൂമിക്ക് പണം നല്‍കണമെന്ന ഹാരിസണ്‍ മലയാളത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല.
ബാങ്ക് ഗാരന്റി നല്‍കണമെന്ന ഉത്തരവ് ചോദ്യം ചെയ്ത് ഹാരിസണ്‍ മലയാളം നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി.ഹാരിസണ്‍സിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. കേസ് വരുന്ന 13 ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്.
അതേസമയം, പുനരധിവാസത്തിൽ വീഴ്ചയെന്നാരോപിച്ച് യുഡിഎഫ് നടത്തിയ വയനാട് കളക്ട്രേറ്റ് ഉപരോധം സംഘർഷമുണ്ടായി. സമരത്തിനിടെ ചില ജീവനക്കാർ കളക്ടേറ്റിന് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. ജീവനക്കാരൻ കളക്ടറേറ്റിൽ കടന്നെന്നാരോപിച്ച് യുഡിഎഫ് പ്രവർത്തകർ കളക്ടറേറ്റ് വളപ്പ് ചാടിക്കടന്നു. ഒരു ജീവനക്കാരനെയും കളക്ടറേറ്റിനകത്ത് കയറ്റാൻ സമ്മതിക്കില്ലെന്ന് നേതാക്കൾ പറഞ്ഞു. അതേസമയം പുനരധിവാസത്തിൽ അനാവശ്യമായ വിവാദത്തിലേക്ക് പോകരുതെന്ന് റവന്യൂമന്ത്രി കെ രാജൻ പ്രതികരിച്ചു.