പത്താം ക്ലാസുകാരിക്ക് നേരെ സഹപാഠികൾ നായ്ക്കുരണ പൊടി വിതറി; അന്വേഷണത്തിന് നിർദ്ദേശിച്ച് വിദ്യാഭ്യാസ വകുപ്പ്
കാക്കനാട് തെങ്ങോട് പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ശരീരത്തിൽ സഹപാഠികൾ നായ്ക്കുരണ പൊടി എറിഞ്ഞ സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശിച്ച് വിദ്യാഭ്യാസ വകുപ്പ്. വിദ്യാർത്ഥിനിക്കുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ശരീരമാസകലം ചൊറിച്ചിൽ അനുഭവപ്പെട്ട പെൺകുട്ടിക്ക് 15 ദിവസത്തോളമാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടി വന്നത്. ആരോഗ്യസ്ഥിതി മോശമാവുകയും മൂത്രാശയ ബുദ്ധിമുട്ടുകളടക്കം വിദ്യാർത്ഥിനിക്ക് നേരിടേണ്ടി വരികയും ചെയ്തു. സ്കൂളിൽ വെച്ച് നടന്ന സംഭവമായിട്ടും അധ്യാപകരുടെ യാതൊരു പിന്തുണയും കുട്ടിക്ക് ലഭിച്ചില്ല എന്ന് അമ്മ പരാതിപ്പെട്ടിരുന്നു.
അതേസമയം, സംഭവത്തിൽ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്കൂൾ അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ടെന്നും സ്കൂളിൽ എന്താണ് നടന്നതെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംഭവത്തിൽ കുട്ടിയുടെ അമ്മ പരാതി നൽകിയിട്ടും ഇൻഫോപാർക്ക് പൊലീസ് തുടർനടപടികൾ സ്വീകരിക്കാത്തതിനെതിരെ കമ്മീഷണർക്ക് പരാതി നൽകിയിരിക്കുകയാണ് കുട്ടിയുടെ കുടുംബം.