സിപിഐ നേതാവ് പി രാജുവിന് വിടനൽകി ജന്മനാട്; മൃതദേഹം സംസ്‌കരിച്ചു
പോരാട്ടത്തിൻ തെരുവീഥികളിൽ എറണാകുളത്തെ സിപിഐയെ നയിച്ച
പി രാജുവിന് നാടുവിട നൽകി. കെടാമംഗലത്തെ വീട്ടിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ എന്നിവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. എന്നാൽ സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ പി രാജുവിന്റെ വീട്ടിലെത്തിയില്ല. ചില സംസ്ഥാന കൗൺസിൽ അംഗങ്ങളും വിട്ടുനിന്നു. പി രാജുവിന്റെ കുടുംബത്തിന്റെ എതിർപ്പിനെ തുടർന്നായിരുന്നു തീരുമാനം. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിവാദങ്ങൾ ഇല്ല. വിവാദങ്ങൾക്ക് ശ്രമിക്കുന്നവർക്ക് രാജുവിനോടും പാർട്ടിയോടും ഉള്ള ബന്ധം എന്തെന്ന് ആലോചിക്കണമെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് പി രാജുവിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ നടപടി ജില്ലാ നേതൃത്വം പുനഃ പരിശോധക്കാത്തതിൽ ആയിരുന്നു കുടുംബത്തിന്റെ അതൃപ്തി. ഇതിൽ പ്രതിഷേധിച്ചാണ് മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെയ്‌ക്കേണ്ടെന്ന തീരുമാനമെടുത്തത്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആശുപത്രിയിൽ എത്തി അന്തിമോപചാരമർപ്പിച്ചു.