ആശാവർക്കേഴ്‌സിന്റെ സമരം 19-ാം ദിവസത്തിലേക്ക്; പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാരാണെന്ന് സി.ഐ.ടി.യു
സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കേഴ്സ് നടത്തുന്ന സമരം 19-ാം ദിവസത്തിലേക്ക്. സമരം തുടരുന്നതിനിടെ സി.ഐ.ടി.യു. ഇന്ന് ഏജീസ് ഓഫീസിലേക്ക് ബദൽ സമരം നടത്തും. ആശാവർക്കേഴ്സിന്റെ പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാർ ആണെന്ന് ആരോപിച്ചാണ് സി.ഐ.ടി.യുവിന്റെ സമരം.
ഓണറേറിയവും ഇൻസെന്റീവും അനുവദിച്ചത് സമരവിജയം എന്നാണ് ആശാവർക്കേഴ്സിന്റെ നിലപാട്. എന്നാൽ സമരം അവസാനിപ്പിക്കാൻ തയ്യാറല്ലെന്നും ഇവർ പറയുന്നു.സമരക്കാരെ തുടക്കം മുതൽ അധിക്ഷേപിക്കുന്ന നിലപാടായിരുന്നു സി.ഐ.ടി.യുവിനും നേതാക്കൾക്കും ഉണ്ടായിരുന്നത്.
അതിനിടെ മൂന്നുമാസം കുടിശികയുണ്ടായിരുന്ന ഓണറേറിയം മുഴുവൻ സർക്കാർ ഇന്നലെയോടെ അനുവദിച്ചു. എന്നാൽ ഓണറേറിയം വർധനയും വിരമിക്കൽ ആനുകൂല്യം നൽകുന്നതും പരിഗണിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് ആശാവർക്കേഴ്സിന്റെ നിലപാട്.
7000 രൂപയിൽ നിന്ന് 21000 രൂപയായി ഓണറേറിയം വർധിപ്പിക്കുക, വിരമിക്കുമ്പോൾ അഞ്ചുലക്ഷം രൂപ പെൻഷൻ അനുവദിക്കുക മുതലായ പ്രധാന ആവശ്യങ്ങളിൽ ഇനിയും സർക്കാർ തലത്തിൽ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം തണുപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഓണറേറിയം കുടിശ്ശിക അനുവദിച്ചിരിക്കുന്നതെന്നും മറ്റു ആവശ്യങ്ങൾ കൂടി അനുവദിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാവർക്കർമാർ.