NationalTop News

അനിൽ അംബാനിയുടെ കീഴിലായിരുന്ന താപ വൈദ്യുത കമ്പനി അദാനി ഗ്രൂപ്പിലേക്ക്; ഏറ്റെടുക്കൽ നടപടികൾക്ക് അനുമതി

Spread the love

അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന് കീഴിലായിരുന്ന വിദർഭ ഇൻഡസ്ട്രീസ് പവർ ലിമിറ്റഡിനെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു. പാപ്പരത്ത നടപടി നേരിടുന്ന തെർമൽ പവർ കമ്പനിയായ വിദർഭ ഇൻഡസ്ട്രീസ് പവർ ലിമിറ്റഡിനെ ഏറ്റെടുക്കാനായി അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പവർ സമർപ്പിച്ച പ്ലാൻ വിദർഭ ഇൻഡസ്ട്രീസിന്റെ വായ്പാസ്ഥാപനങ്ങൾ അംഗീകരിച്ചിരുന്നു. ഇതേ തുടർന്ന് ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പിന് അനുമതിയും ലഭിച്ചു.

മഹാരാഷ്ട്രയിലെ നാഗ്പുരിൽ 600 മെഗാവാട്ട് തെർമൽ പവർ പ്ലാന്റുള്ള സ്ഥാപനമാണ് വിദർഭ ഇൻഡസ്ട്രീസ്. നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൻ്റെ അനുമതി കൂടി ലഭിച്ചാലേ ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാനാവൂ. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇന്നലെ ഓഹരി വിപണിയിൽ റിലയൻസ് ഓഹരികൾ കുതിപ്പ് നടത്തിയെങ്കിലും പിന്നീട് ഇടിഞ്ഞു.

കഴിഞ്ഞവർഷം ജൂൺ മൂന്നിലെ 895.85 രൂപയാണ് അദാനി പവർ ഓഹരികളുടെ 52-ആഴ്ചത്തെ ഏറ്റവും ഉയർന്ന മൂല്യം. നവംബർ 21ലെ 432 രൂപയാണ് 52 ആഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ മൂല്യം. ഇപ്പോഴത്തെ സ്ഥിതിയിൽ അദാനി പവറിന് 660 രൂപവരെ ഉയരാൻ കഴിഞ്ഞേക്കുമെന്നാണ് ചില ബ്രോക്കറേജ് സ്ഥാപനങ്ങളുടെ വിലയിരുത്തൽ. 1.91 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള (market cap) കമ്പനിയാണിത്. ഇക്കഴിഞ്ഞ ഡിസംബർ പാദത്തിൽ കമ്പനിയുടെ സംയോജിത വരുമാനം 5.23% വാർഷിക വളർച്ചയോടെ 13,671 കോടി രൂപയിലെത്തിയിരുന്നു. ലാഭം 7.37% ഉയർന്ന് 2,940 കോടി രൂപയായിരുന്നു. തൊട്ടുമുമ്പത്തെ പാദത്തിലെ (ജൂലൈ-സെപ്റ്റംബർ) ലാഭം 3,298 കോടി രൂപയായിരുന്നു.