രേണുക സ്വാമി കൊലക്കേസ്; നടൻ ദർശന് ഇന്ത്യയിലുടനീളം സഞ്ചരിക്കാൻ അനുമതി നൽകി കർണാടക ഹൈക്കോടതി
രേണുക സ്വാമി കൊലക്കേസിൽ പ്രതിയായ കന്നഡ നടൻ ദർശന് ഇന്ത്യയിലുടനീളം സഞ്ചരിക്കാൻ കർണാടക ഹൈക്കോടതി അനുമതി നൽകി.നേരത്തെ, ദർശന് ബെംഗളൂരുവിന് പുറത്തേക്കോ സെഷൻസ് കോടതി പരിധിക്ക് പുറത്തേക്കോ പോകാൻ അനുവാദമില്ലായിരുന്നു.
സുപ്രീം കോടതിയും കേസ് പരിഗണിക്കുന്നതിനാൽ, തന്റെ കക്ഷി ഡൽഹിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോകണമെന്ന് ദർശനിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ദർശൻ ജാമ്യം ആവശ്യപ്പെട്ടതെന്നാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രസന്ന കുമാർ വ്യക്തമാക്കി.
ദർശന്റെ ആരാധകനായ ചിത്രദുർഗ സ്വദേശി രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം കാമാക്ഷിപാളയിലെ മലിനജല കനാലിൽ തള്ളിയെന്ന കേസിൽ 2024 ജൂൺ 11നാണ് ദർശൻ അറസ്റ്റിലായത്. ദർശന്റെ സുഹൃത്തായ നടി പവിത്ര ഗൗഡക്കെതിരെ സാമൂഹികമാധ്യമത്തിൽ അശ്ലീല കമന്റിട്ടതിനാണ് രേണുകസ്വാമിയെ നടൻ ദർശനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയത്. നടൻ ദർശനും പവിത്ര ഗൗഡയും ഉൾപ്പെടെ ആകെ 15 പ്രതികളാണ് കൊലക്കേസിൽ അറസ്റ്റിലായത്. 131 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞതിന് ശേഷമാണ് 2024 ഒക്ടോബർ 30 ന് ദർശൻ ജയിൽ മോചിതനായത്.
അതിക്രൂരമായാണ് പ്രതികൾ യുവാവിനെ മർദ്ദിച്ചതെന്ന് കണ്ടെത്തി. നിരവധി തവണ ഷോക്കേൽപ്പിച്ചു. രേണുകാസ്വാമിയുടെ ശരീരമാസകലം മുറിവുകളുണ്ടായിരുന്നു. ഒരു ചെവി കാണാനില്ലായിരുന്നു. ക്രൂരമർദ്ദനത്തിൽ ജനനേന്ദ്രിയം തകർന്നു പോയിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമായിരുന്നു.