KeralaTop News

ആശാ വർക്കർമാർക്ക് ഭക്ഷണ പൊതിയുമായി രമേശ് ചെന്നിത്തലയുടെ മകൻ

Spread the love

സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന ആശാ വർക്കർമാർക്ക് ഭക്ഷണപ്പൊതിയുമായി ശ്രേഷ്ഠ പബ്ലിക്കേഷൻ്റെ എം.ഡിയും രമേശ് ചെന്നിത്തലയുടെ മകനുമായ ഡോ: രോഹിത് ചെന്നിത്തല എത്തി. അത്താഴ ഭക്ഷണമാണ് ആശാ വർക്കർമാർക്ക് വിതരണം ചെയ്തത്.

താൻ എ.ഡിയായ ശ്രേഷ്ഠ പബ്ലികേഷൻ ഓഫീസിന് തൊട്ട് മുന്നിലാണ് കഴിഞ്ഞ ഒരാഴ്ചയായി സമരം നടക്കുന്നത്. ഒരു ഡോക്ടർ എന്ന നിലയ്ക്ക് ആശാവർക്കർമാർ കേരളത്തിൻ്റെ ആരോഗ്യരംഗത്ത് നൽകുന്ന സംഭാവനകൾ സാകൂതം വീക്ഷിക്കുന്ന ഒരാളാണ് ഞാൻ. വളരെ നിസ്സാര ശമ്പളത്തിന് പണിയെടുക്കുകയും ഉത്തരവാദിത്വങ്ങളെ ഒന്നടങ്കം നിറവേറ്റുകയും അതിനേക്കാളുപരി കോവിഡ് കാലത്ത് കേരളത്തെ കോട്ടകെട്ടി കാക്കുകയും ചെയ്ത ആശാവർക്കർമാർ എന്നും അത്ഭുതമായിരുന്നു. അവരുടെ നിസ്തുലമായ സംഭാവനകൾ എന്നും അത്ഭുതപ്പെടുത്തുകയും അതിശയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയുള്ള അവരുടെ സമരത്തെ സമ്പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്നും” ഡോ: രോഹിത് ചെന്നിത്തല വ്യക്തമാക്കി.

കേരളത്തിൽ തൊഴിലുറപ്പ് തൊഴിലാളികളേക്കാൾ കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യുന്ന ആശാവർക്കർമാർ സമൂഹത്തിന് നൽകുന്ന സംഭാവനകൾ പരിഗണിച്ച് അവരുടെ ആവശ്യങ്ങൾ ഉദാരമായി പരിഗണിക്കുകയും അവരുടെ പ്രതിസന്ധികൾക്ക് സർക്കാർ പരിഹാരം കാണുകയും വേണം എന്ന ഉറച്ച അഭിപ്രായമാണ് തനിക്കുള്ളത് എന്നും അദ്ദേഹം പറഞ്ഞു.