ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍ ഒന്നാംഘട്ടത്തിലെ അവസാന ബന്ദി കൈമാറ്റം പൂര്‍ത്തിയായി; നാല് ബന്ദികളുടെ മൃതദേഹം റെഡ് ക്രോസിന് കൈമാറി ഹമാസ്
ഇസ്രയേല്‍- ഹമാസ് വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി നാല് ബന്ദികളുടെ മൃതദേഹം റെഡ് ക്രോസിന് കൈമാറി ഹമാസ്. ഇസ്രയേല്‍ ഉടന്‍ നൂറുകണക്കിന് പലസ്തീനിയന്‍ തടവുകാരെ വിട്ടയയ്ക്കും. വെടിനിര്‍ത്തലിന്റെ ആദ്യഘട്ടത്തിലെ അവസാന ബന്ദി കൈമാറ്റമാണിത്. വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടത്തില്‍ ഹമാസ് 33 ഇസ്രയേലി ബന്ദികളേയും ഇസ്രയേല്‍ 1900 പലസ്തീന്‍ തടവുകാരേയുമാണ് മോചിപ്പിച്ചത്.
റെഡ് ക്രോസില്‍ നിന്നും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം ഡിഎന്‍എ ടെസ്റ്റുകള്‍ നടത്തുമെന്ന് ഇസ്രയേല്‍ അറിയിച്ചു. അതേസമയം ഇസ്രയേല്‍ മോചിപ്പിച്ച തടവുകാര്‍ വെസ്റ്റ് ബാങ്കിലെത്തിയപ്പോള്‍ അവര്‍ക്ക് അതിവൈകാരികമായ സ്വീകരണമാണ് ലഭിച്ചത്. റാമല്ല കള്‍ച്ചറല്‍ പാലസിലെ ചെക്ക് പോയിന്റില്‍ പലസ്തീനികളുമായി ബസെത്തിയപ്പോള്‍ തന്നെ നൂറുകണക്കിനാളുകളാണ് ബസിനെ വരവേല്‍ക്കാന്‍ തടിച്ചുകൂടിയത്. മോചിതരായവരെ തോളിലേന്തിയാണ് പലസ്തീനികള്‍ ബസില്‍ നിന്ന് പുറത്തിറക്കിയത്.
ബന്ദികളോട് ഹമാസ് മോശമായാണ് പെരുമാറുന്നതെന്ന് ആരോപിച്ച് 600-ലേറെ തടവുകാരുടെ മോചനം ഇസ്രയേല്‍ വൈകിപ്പിച്ചിരുന്നു. എന്നാല്‍ ഇത് വെടിനിര്‍ത്തല്‍ കരാറിന്റെ ഗുരുതരമായ ലംഘനമാണെന്നും ഇങ്ങനെയാണെങ്കില്‍ രണ്ടാംഘട്ട ചര്‍ച്ചകള്‍ സാധ്യമാകില്ലെന്നും ഹമാസ് അറിയിച്ചിരുന്നു.