ലൗ ജിഹാദ് ആരോപണത്തെ തുടര്‍ന്ന് കേരളത്തില്‍ അഭയം തേടിയ ജാര്‍ഖണ്ഡ് സ്വദേശികള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ഡിവൈഎഫ്‌ഐ
ലൗ ജിഹാദ് ആരോപണത്തെ തുടര്‍ന്ന് കേരളത്തില്‍ അഭയം തേടിയ ജാര്‍ഖണ്ഡ് സ്വദേശികളായ ആശ വര്‍മ്മയ്ക്കും മുഹമ്മദ് ഗാലിബിനും സംരക്ഷണം ഒരുക്കുമെന്ന് ഡിവൈഎഫ്‌ഐ. ഇരുവരുടേയും ജീവന് സംരക്ഷണമേകുമെന്ന് ഡിവൈഎഫ്‌ഐ നേതാവ് ജെയിംസ് സാമുവല്‍ അറിയിച്ചു. അതേസമയം സുരക്ഷ ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജി ഇന്ന് പരിഗണിക്കും. ആശയെ കാണാനില്ലെന്ന പരാതിയില്‍ കേസെടുത്ത ജാര്‍ഖണ്ഡ് രാജ്‌റപ്പ പൊലീസ് മുഹമ്മദ് ഗാലിബിനായി അറസ്റ്റ് വാറന്റുമായി കായംകുളത്ത് എത്തി. ഇരുവരും പ്രായപൂര്‍ത്തിയായവരും വിവാഹിതരുമെന്ന് കായംകുളം ഡിവൈഎസ്പി അറിയിച്ചു.
ലൗ ജിഹാദ് ആരോപണത്തെ തുടര്‍ന്ന് നാടുവിട്ട് കേരളത്തിലെത്തിയ ആശാവര്‍മയും മുഹമ്മദ് ഗാലിബും കഴിഞ്ഞ ഫെബ്രുവരി 11നാണ് സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതരായത്. എന്നാല്‍ ആശാവര്‍മയെ തട്ടിക്കൊണ്ടുപോയി രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത ജാര്‍ഖണ്ഡ് രാജ് റപ്പാ പോലീസ് മുഹമ്മദ് ഖാലിബിനായി അറസ്റ്റ് വാറന്റുമായാണ് ഇന്നലെ വൈകിട്ടോടെ കായംകുളത്ത് എത്തിയത്. കേസെടുക്കുന്നതിന് മുന്‍പേ കേരളത്തില്‍ എത്തി വിവാഹിതരായവരാണ് ഇരുവരും.
മുഹമ്മദ് ഗാലിബിനോടോപ്പം ജീവിക്കാന്‍ തീരുമാനിച്ചത് ഇഷ്ടപ്രകാരമാണെന്ന് ആശാവര്‍മയുടെ മൊഴിയും കായംകുളം പോലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ നിയമതടസം കേരള പൊലീസ് അറിയിച്ചിട്ടും രാജ്‌റപ്പ പൊലീസ് മടങ്ങി പോയിട്ടില്ല. ഒത്തുതീര്‍പ്പ് എന്ന നിലയില്‍ ആശ വര്‍മ്മയെ മാത്രം വിട്ടുനല്‍കിയാല്‍ മതിയെന്ന ആവശ്യവും രാജ്‌റപ്പാ പൊലീസ് ഉന്നയിച്ചു. പോലീസ് പ്രൊട്ടക്ഷന്‍ ആവശ്യപ്പെട്ട് ഇരുവരും നല്‍കിയ റിട്ട ഹര്‍ജി ഉച്ചയ്ക്കുശേഷം ഹൈക്കോടതി പരിഗണിക്കും.