കേരളത്തിൽ നേതൃത്വ പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞിട്ടില്ല, വാക്കുകൾ വളച്ചൊടിച്ചു’; ഇന്ത്യൻ എക്‌സ്പ്രസിനെതിരെ ശശി തരൂർ
വിവാദ അഭിമുഖം പുറത്ത് വിട്ട ഇന്ത്യൻ എക്‌സ്പ്രസിനെതിരെ ഡോ. ശശി തരൂർ എംപി.കേരളത്തിൽ നേതൃത്വ പ്രതിസന്ധിയുണ്ടെന്ന് താൻ പറഞ്ഞിട്ടില്ല. തന്റെ പ്രസ്താവനകൾ വളച്ചൊടിച്ചു. സംഭവിക്കേണ്ടതെല്ലാം സംഭവിച്ചതിനുശേഷമാണ് ഇന്ത്യൻ എക്സ്പ്രസ് ഖേദം പ്രകടിപ്പിക്കാൻ തയ്യാറായതെന്നും ശശി തരൂർ എക്സ് പോസ്റ്റിൽ വിമർശിച്ചു.
വാര്‍ത്ത സൃഷ്ടിക്കാനും പോഡ്കാസ്റ്റിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടിയും ചെയ്ത കാര്യങ്ങള്‍ നാണക്കേടുണ്ടാക്കുന്നതാണെന്നും തരൂര്‍ കുറിച്ചു. തനിക്ക് അപവാദവും അപമാനവും അധിക്ഷേപവും നേരിടേണ്ടിവന്നു. ഈ അഭിമുഖം ഇന്ത്യൻ പത്രപ്രവർത്തനത്തെ കുറിച്ചുള്ള തൻറെ സംശയം വർധിപ്പിക്കാൻ ഇടയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഐസിസി വിളിച്ച നാളത്തെ യോഗത്തിൽ പങ്കെടുക്കുമെന്ന് ശശി തരൂർ എംപി നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു . പറയാനുള്ളത് തിരുവനന്തപുരത്ത് വച്ച് പറഞ്ഞതാണെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും തരൂർ വ്യക്തമാക്കിയിരുന്നു. പത്മജ വേണുഗോപാലിന്റെ ബിജെപി ക്ഷണത്തെക്കുറിച്ചുള്ള ചോദ്യത്തോട് ശശി തരൂർ പ്രതികരിച്ചില്ല.
ശശി തരൂരിനെ നേതാവ് പദ്മജ വേണുഗോപാൽ ബിജെപിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. പാർട്ടി വിട്ടപ്പോൾ താൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ശശി തരൂർ ഇപ്പോൾ പറയുന്നത്. തീരുമാനം പറയേണ്ടത് ശശി തരൂർ ആണെന്നും പദ്മജ വേണുഗോപാൽ പറഞ്ഞു. ഡൽഹി കണ്ട് നേതാക്കൾ തിരിച്ചു വരുമെന്നല്ലാതെ യാതൊന്നും സംഭവിക്കാൻ പോകുന്നില്ല. തൃശൂരിൽ ഡിസിസി പ്രസിഡന്റിനെ കണ്ടെത്താൻ പോലും കോൺഗ്രസിന് കഴിയുന്നില്ല. എല്ലാവരെയും മുഖ്യമന്ത്രിയാക്കേണ്ട അവസ്ഥയാണ് കോൺഗ്രസിനെന്നും പദ്മജ വേണുഗോപാൽ വിമർശിച്ചു.