ട്രംപ് ഏറ്റെടുത്ത ഗസ്സ സുഖവാസ കേന്ദ്രമാകുന്നു, ട്രംപും നെതന്യാഹുവിലും ബീച്ച് സിറ്റിയില്‍ വെയില്‍ കായുന്നു…; ട്രംപിന്റെ എഐ വിഡോയ്‌ക്കെതിരെ വിമര്‍ശനം
ഗസ്സയെ അമേരിക്ക ഏറ്റെടുത്താല്‍ മുനമ്പാകെ മാറ്റിമറിക്കുമെന്ന ഭാവനയില്‍ ഡൊണാള്‍ഡ് ട്രംപ് നിര്‍മിച്ച എഐ വിഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണം. യുദ്ധം തകര്‍ത്ത ഗസ്സയെ വിദേശ സഞ്ചാരികള്‍ അവധിക്കാലം ആഘോഷിക്കാനെത്തുന്ന ഒരി ബീച്ച് സിറ്റിയാക്കാനുള്ള തന്റെ ഭാവനയാണ് ട്രംപ് എഐ ഉപയോഗിച്ച് ദൃശ്യാവിഷ്‌കരിച്ചത്. സഞ്ചാരികളുടെ പറുദീസയാകാനിരിക്കുന്ന ഗസ്സയില്‍ ട്രംപിന്റെ സ്വര്‍ണ ശില്‍പ്പമുയരുന്നതും മസ്‌ക് അവിടെ സ്ട്രീറ്റ് ഫുഡ് ആസ്വദിക്കുന്നതും നെതന്യാഹുവും ട്രംപും ബീച്ചിനരികെ വെയില്‍ കാഞ്ഞിരിക്കുന്നതും എഐ നിര്‍മിത വിഡിയോയിലുണ്ട്. ഗസ്സ 2025 എന്ന പേരില്‍ ട്രംപ് പുറത്തുവിട്ട വിഡിയോ യുദ്ധഭീകരത നേരിട്ട ജനതയുടെ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കാത്തതാണെന്നും അവരെ അപമാനിക്കുന്നതാണെന്നും സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം അഭിപ്രായപ്പെട്ടു.
യുദ്ധത്താല്‍ തകര്‍ന്ന ഗസ്സയിലെ ജനതയെ മറ്റ് അറബ് രാജ്യങ്ങളിലേക്ക് മാറ്റി അമേരിക്ക ഗസ്സ മുനമ്പ് ഏറ്റെടുക്കണമെന്നാണ് ട്രംപിന്റെ ആശയം. ഇതിനെതിരെ ലോകമാകെ എതിര്‍പ്പുയരുന്നുണ്ടെങ്കിലും ഇസ്രയേല്‍ ഈ നീക്കത്തിനെ പിന്തുണച്ചിട്ടുണ്ട്. തകര്‍ന്ന കെട്ടിടങ്ങളുള്ള ഗസ്സ മുനമ്പില്‍ വിദേശ സഞ്ചാരികളും നൃത്തം ചെയ്യുന്ന സുന്ദരികളും ഹോട്ടലുകളും ശീതളപാനീയ ശാലകളും നിറയുന്നതാണ് ട്രംപിന്റെ ഭാവന. സ്വന്തം പേരുള്ള പ്രതിമകളും ചിത്രങ്ങളും കൊടികളും നിരവധിയുണ്ട് ട്രംപിന്റെ ഭാവനയിലെ ഗസ്സയില്‍. ഭയത്തില്‍ നിന്ന് ഗസ്സയെ മോചിപ്പിക്കുന്ന രക്ഷക വേഷത്തിലാണ് ട്രംപ് വിഡിയോയില്‍ ഉടനീളം സ്വയം പ്രതിഷ്ഠിക്കുന്നത്.
അമേരിക്ക ഏറ്റെടുത്താല്‍ ഗസ്സ മുനമ്പിന് ശോഭനമായ ഭാവിയും പുതുജീവിതവുമുണ്ടാകുമെന്നാണ് ട്രംപിന്റെ വാക്ക്. ഇനി ഗസ്സയില്‍ ഭയവും ടണലുകളുമില്ലെന്നും ട്രംപ് നിങ്ങളെ സ്വതന്ത്രരാക്കുമെന്നും വിഡിയോയില്‍ പറയുന്നു. എന്നാല്‍ ഗസ്സ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയല്ലെന്നും ഇത് വളരെ വിവേകശൂന്യമായിപ്പോയെന്നും നിരവധി നെറ്റിസണ്‍സ് കമന്റിലൂടെ ട്രംപിനെ ഓര്‍മിപ്പിക്കുന്നുണ്ട്.